ഞാന്‍ പാര്‍ട്ടിയില്‍ ചേരുന്ന ഒറ്റക്കാരണംകൊണ്ട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി യുടെ വോട്ട് ഇരട്ടിയാകും ; ഇ. ശ്രീധരന്‍

താന്‍ ബി.ജെ.പിയില്‍ ചേരുന്നു എന്ന ഒറ്റ കാരണം കൊണ്ടുതന്നെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വോട്ട് ഇരട്ടിയാകുമെന്ന് ഇ.ശ്രീധരന്‍. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതുകൊണ്ട് ബി.ജെ.പിയുടെ വോട്ട് ഇരട്ടിയാകുമെന്നാണ് കരുതുന്നത്. ഞാന്‍ ബി.ജെ.പിയില്‍ ചേര്‍ന്ന ഒറ്റ സംഗതി മതി കൂടുതല്‍ ആളുകള്‍ ബി.ജെ.പിയിലേക്ക് വരും. കൂടുതല്‍ വോട്ട് ലഭിക്കും’, ഇ.ശ്രീധരന്‍ പറഞ്ഞു.താന്‍ വളരെ കാലമായി ബി.ജെ.പി അനുഭാവിയാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കേണ്ടി വരുമെന്നും പ്രകടനപത്രികയിലേക്ക് വേണ്ട തന്റെ നിര്‍ദേശങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒമ്പത് വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് രാഷ്ട്രീയ പ്രവേശനമെന്ന് ശ്രീധരന്‍ നേരത്തെ പറഞ്ഞിരുന്നു. പ്രളയം, കിഫബി ,ആരോഗ്യം,വിദ്യാഭ്യാസം, ശബരിമല തുടങ്ങിയ വിഷയങ്ങളിലെല്ലാം അദ്ദേഹം സര്‍ക്കാരിനെ വിമര്‍ശിച്ചു. കേരളത്തില്‍ ഒന്നും നടക്കുന്നില്ല. ഇവിടെ നീതി ഉറപ്പാക്കാന്‍ ബി.ജെ.പി അധികാരത്തില്‍ വരണമെന്നും ശ്രീധരന്‍ പറഞ്ഞു.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് ഇ. ശ്രീധരന്‍ പാര്‍ട്ടിയില്‍ ചേരുന്നുവെന്ന് അറിയിച്ചത്. ബി.ജെ.പിയുടെ വിജയയാത്രാ വേളയില്‍ പാര്‍ട്ടിയില്‍ ചേരുമെന്നാണ് സുരേന്ദ്രന്‍ അറിയിച്ചത്.

 

Share news
error: Content is protected !!
Scroll to Top