HIGHLIGHTS : E-hospital system in more hospitals in AYUSH sector: Minister Veena George
തിരുവനന്തപുരം: ആയുഷ് മേഖലയില്‍ കൂടുതല്‍ ആശുപത്രികളില്‍ ഇ ഹോസ്പിറ്റല്‍ സംവിധാനം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം വഴി ഈ ആശുപത്രികളില്‍ വളരെ എളുപ്പത്തില്‍ അപ്പോയിന്റ്മെന്റ് എടുക്കാന്‍ കഴിയും. ആശുപത്രികളില്‍ ക്യൂ നില്‍ക്കാതെ സെല്‍ഫ് രജിസ്ട്രേഷന്‍ സാധ്യമാക്കുന്ന സ്‌കാന്‍ & ഷെയര്‍ സൗകര്യവും തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആശുപത്രികളിലെ ഒ.പി. രജിസ്ട്രേഷനും കണ്‍സള്‍ട്ടേഷനും ഘട്ടം ഘട്ടമായി ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. ഭാരതീയ ചികിത്സാ വകുപ്പിന്റെ പുതിയ വെബ് സൈറ്റിന്റേയും ഇ ഹോസ്പിറ്റല്‍ സംവിധാനങ്ങളുടേയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ആയുര്‍വേദ ആശുപത്രികളെ വെല്‍നെസ് സെന്ററുകളാക്കി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ജീവിതശൈലീ രോഗ നിയന്ത്രണത്തില്‍ ആയുര്‍വേദത്തിന് വലിയ പങ്ക് വഹിക്കാനുണ്ട്. ജനങ്ങളില്‍ ജീവിതശൈലിയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതിന് ആയുര്‍വേദം അടക്കമുള്ള ആയുഷ് വിഭാഗങ്ങള്‍ നേതൃത്വം നല്‍കേണ്ടതാണ്. ആയുര്‍വേദ മേഖലയില്‍ സമഗ്രമായ മാറ്റം കൊണ്ടുവരുന്നതിന്, നിലവില്‍ കണ്ണൂരില്‍ നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന രാജ്യാന്തര ഗവേഷണകേന്ദ്രം വരുന്നതോടെ കഴിയുമെന്ന് മന്ത്രി പറഞ്ഞു.

പുതിയ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി സജ്ജമാക്കിയ വെബ് സൈറ്റില്‍ പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഹെല്‍ത്ത് അപ്ഡേറ്റ്സ്, ഔഷധ സസ്യങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍, ആയുര്‍വേദ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ സര്‍ക്കാര്‍ ഉത്തരവുകള്‍, ഫോറങ്ങള്‍, ഹെല്‍പ്പ് ഫയലുകള്‍, ലേഖനങ്ങള്‍ തുടങ്ങി വകുപ്പിലെ ജീവനക്കാര്‍ക്ക് ആവശ്യമായ വിവരങ്ങള്‍, എംപ്ലോയീസ് പേജ് എന്നിവ വെബ് സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.എസ്. പ്രിയ, നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. പി.ആര്‍. സജി എന്നിവര്‍ സംസാരിച്ചു.