ഇ അഹമ്മദിന്റെ കബറടക്കം ഇന്ന് കണ്ണൂരില്‍

കണ്ണൂര്‍:അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനുമായ ഇ അഹമ്മദിന്റെ കബറടക്കം ഇന്ന് രാവിലെ 11 ന് കണ്ണൂരില്‍ നടക്കും. കണ്ണൂരിലെ സിറ്റി ജുമാ മസ്ജിദിലാണ് കബറടക്കം. ഇ. അഹമ്മദിനോടുള്ള ആദരസൂചകമായി കണ്ണൂരിലും മാഹിയിലും ഇന്ന്​ സർവകക്ഷി ഹർത്താൽ ആചരിക്കുന്നുണ്ട്​. വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കി.

ഡല്‍ഹിയില്‍നിന്ന് വിമാനമാര്‍ഗം കരിപ്പൂരിലെത്തിച്ച മൃതദേഹം കണ്ണൂരിലെ വീട്ടിലോക്ക് കൊണ്ടുപോകുംവഴിയാണ് കൊണ്ടോട്ടി ഹജ്ജ് ഹൌസിലും കോഴിക്കോട്ടെ ലീഗ് ഹൌസിലും പൊതുദര്‍ശനത്തിന് വച്ചത്. മൃതദേഹം ഡല്‍ഹിയിലെ ഒമ്പതാം നമ്പര്‍ തീന്‍മൂര്‍ത്തി മാര്‍ഗിലെ ഔദ്യോഗികവസതിയില്‍ നേരത്തെ പൊതുദര്‍ശനത്തിനുവെച്ചിരുന്നു.

ഡല്‍ഹിയില്‍ തീന്‍മൂര്‍ത്തിമാര്‍ഗിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി, ഡോ. മന്‍മോഹന്‍സിങ്ങ്, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, ലോക്സഭ സ്പീക്കര്‍ സുമിത്രാമഹാജന്‍, രാജ്യസഭാഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി ജെ കുര്യന്‍, കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി, എ കെ ആന്റണി, രമേശ്ചെന്നിത്തല, പി കരുണാകരന്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. വസതിക്കടുത്ത് നടന്ന മയ്യത്ത് നമസ്കാരത്തിന് മകന്‍ റയീസ് നേതൃത്വംനല്‍കി. എയര്‍ ഇന്ത്യ വിമാനത്തില്‍ ബുധനാഴ്ച വൈകിട്ടാണ് മൃതദേഹം കരിപ്പൂരിലെത്തിയത്.

Share news
error: Content is protected !!
Scroll to Top