തൃശ്ശൂര്‍: ചാലക്കുടിയില്‍ വന്‍ ലഹരിവേട്ട. 11 കിലോ ഹാഷിഷ് ഓയിലുമായി മൂന്ന് പേരെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ സ്വദേശി ലിഷാന്‍, പാവറട്ടി സ്വദേശി അനൂപ്, കോന്നി സ്വദേശി നസീം എന്നിവരാണ് പിടിയിലായത്.
ആന്ധ്രയില്‍ നിന്നും കൊച്ചിയിലേക്ക് കടത്തുകയായിരുന്ന ലഹരി വസ്തുക്കളാണ് പിടികൂടിയത്. ചാലക്കുടി മുരിങ്ങൂരില്‍ നിന്നാണ് മൂന്ന് പേരേയും അറസ്റ്റ് ചെയ്തത്. ഒരു കിലോ വീതമുള്ള 11 പാക്കറ്റുകളിലായാണ് ഹാഷിഷ് ഓയില്‍ കണ്ടെത്തിയത്. രണ്ട് കാറുകളും കസ്റ്റഡിയില്‍ എടുത്തു. അറസ്റ്റിലായ പ്രതികള്‍ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ഒരു മാസമായി നിരീക്ഷണത്തിലായിരുന്നു. പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് ലഹരി വസ്തുക്കളുമായി പ്രതികളെ പിടികൂടിയത്.
മൂന്നര ലക്ഷം രൂപയ്ക്ക് വിശാഖപട്ടണത്ത് നിന്നാണ് ഹാഷിഷ് ഓയില്‍ വാങ്ങിയതെന്ന് പ്രതികള്‍ മൊഴി നല്‍കി. വിപണിയില്‍ ഒരു ഗ്രാമിന് 350 രൂപയ്ക്കാണ് ഹാഷിഷ് ഓയില്‍ വില്പന നടത്തുന്നത്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ അടക്കം കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.



