
ജനകീയ ചെറുത്തുനില്‍പ്പിലൂടെ ലഹരി വിപത്തുകള്‍ക്കെതിരെ പ്രതിരോധം തീര്‍ത്താല്‍ മയക്കുമരുന്ന് രഹിത ഇന്ത്യ എന്നത് സ്വപ്നത്തിലൊതുങ്ങാതെ സാധ്യമാക്കാനാകുമെന്ന് നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി എക്‌സിക്യുട്ടീവ് ചെയര്‍മാനും സുപ്രീം കോടതി ജഡ്ജിയുമായ ജസ്റ്റിസ് സൂര്യ കാന്ത് പറഞ്ഞു. സംസ്ഥാന എക്‌സൈസ് വകുപ്പ്, നാഷണല്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയും കേരള ലീഗല്‍ സര്‍വീസ് അതോറിറ്റിയുമായി ചേര്‍ന്ന് വിമുക്തിയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ‘നശാ മുക്ത് ന്യായ അഭിയാന്‍’ ലഹരിവിരുദ്ധ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ടഗോര്‍ തിയേറ്ററില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന്റെ അടിത്തട്ടുമുതല്‍ വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, ഉദ്യോഗസ്ഥര്‍, നിയമപാലകര്‍ തുടങ്ങിയ എല്ലാ വിഭാഗം ജനങ്ങളേയും കോര്‍ത്തിണക്കി ജാഗ്രതയോടെയുള്ള സമീപനമാണ് ലഹരിക്കെതിരെ ആവശ്യം. 2024ലെ ദേശീയ പഠനത്തില്‍ 10 മുതല്‍ 24 വയസ്സിനിടയിലുള്ള ഇന്ത്യയിലെ ഓരോ മൂന്ന് യുവാക്കളില്‍ ഒരാള്‍ വീതം ലഹരിയുടെ പിടിയിലെന്നാണ് കണ്ടെത്തിയത്. മയക്കുമരുന്നുള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ ശരീരത്തെ മാത്രമല്ല ബാധിക്കുന്നത്. കുടുംബങ്ങളെ നശിപ്പിച്ച് സമൂഹത്തിന്റെ അടിത്തറ തകര്‍ക്കുകയാണ്. ഒരു തെറ്റായ തീരുമാനത്തില്‍ നിന്ന് തുടങ്ങുന്നത് വലിയൊരു സാമൂഹിക ദുരന്തമായി മാറുന്ന അവസ്ഥയാണ്.
ക്രൂരതകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുള്ളപ്പോള്‍ മയക്കുമരുന്നിന് ഇരകളായവരെ പുനരധിവാസത്തിലൂടെ നേര്‍വഴിയിലെത്തിക്കാന്‍ കാരുണ്യപൂര്‍വമായ നടപടികളാണ് സ്വീകരിക്കുന്നത്. ലഹരിക്കടിമകളായ യുവാക്കള്‍ ഉപേക്ഷിക്കപ്പെടരുത്. പുനരധിവാസം, വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, തൊഴില്‍ അവസരം എന്നിവയിലൂടെ മാറ്റത്തിലേക്ക് നയിക്കണം. ലഹരിമുക്ത പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയുള്ള വിമുക്തിമിഷന്‍ കേരളത്തിന്റെ മികച്ച മാതൃകയാണ്. സ്‌കൂളുകള്‍ ബോധവല്‍ക്കരണ കേന്ദ്രങ്ങളാക്കി പ്രാദേശിക സ്ഥാപനങ്ങളുടെ സഹകരണവും ആരോഗ്യസ്ഥാപനങ്ങളില്‍ ചികിത്സയും പുനരധിവാസവും ഉറപ്പാക്കി നിയമപരിരക്ഷയും നല്‍കിയാണ് കേരളം സംരക്ഷണ മാതൃക ഒരുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ലഹരി സംബന്ധമായി രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സംസ്ഥാനമാണ് കേരളമെന്ന് മുഖ്യപ്രഭാഷണത്തില്‍ മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കര്‍ശനമായ നടപടികളാണ് ഇതുവരെ സ്വീകരിച്ചത്. വിദ്യാര്‍ത്ഥികളേയും യുവജനങ്ങളേയും പങ്കാളികളാക്കി ഗ്രാമതലങ്ങളില്‍ വരെ കമ്മിറ്റികള്‍ രൂപീകരിച്ചു. എല്ലാ വകുപ്പുകളേയും വിദഗ്ധരേയും സാമൂഹിക സംഘടനകളേയും ജനകീയ സമിതികളേയും ഉള്‍പ്പെടുത്തി സംസ്ഥാനത്തുടനീളം ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. പ്രളയ മഹാമാരി ഘട്ടങ്ങള്‍ അതിജീവിക്കുന്നതിലും സാക്ഷരത, ഡിജിറ്റല്‍ സാക്ഷരത തുടങ്ങിയ നേട്ടങ്ങള്‍ കൈവരിക്കുന്നതിലും കേരളം ജനകീയ പങ്കാളിത്തത്തിലൂടെ മാതൃക കാട്ടിയിട്ടുണ്ട്. മയക്കുമരുന്ന് വിരുദ്ധ പോരാട്ടത്തിലും ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.
സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് വിക്രം നാഥ്, കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ ജംദാര്‍, കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി എക്‌സിക്യുട്ടീവ് ചെയര്‍മാനും കേരള ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ് എ മുഹമ്മദ് മുസ്താക്, ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍, കോമണ്‍വൈല്‍ത്ത് ലീഗല്‍ എജ്യുക്കേഷന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ എസ് ശിവകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




