
കൊല്ലം: മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചിട്ട് കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഡോ. ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ തള്ളി. ശാസ്താംകോട്ട കോടതിയാണ് ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ തള്ളിയത്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനുള്ള പൊലീസിന്റെ അപേക്ഷയില്‍ നാളെ വാദം കേള്‍ക്കും. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും.
പ്രതികളെ 3 ദിവസത്തേക്ക് കസ്റ്റഡിയില്‍ നല്‍കണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഒന്നാം പ്രതി അജ്മലിനെയും രണ്ടാം പ്രതി ഡോക്ടര്‍ ശ്രീക്കുട്ടിയെയും കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനാണ് നീക്കം. രണ്ട് പ്രതികളെയും ശാസ്താംകോട്ട കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. മനപ്പൂര്‍വ്വമുള്ള നരഹത്യക്കുറ്റമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്. മദ്യലഹരിയിലായിരുന്ന പ്രതികള്‍ രാസലഹരി ഉപയോഗിച്ചിരുന്നോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. അജ്മലിന്റെയും ശ്രീക്കുട്ടിയുടെയും രക്ത സാമ്പിള്‍ അടക്കം പൊലീസ് ശേഖരിച്ചിരുന്നു. സംഭവത്തിന് പിന്നാലെ അജ്മലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്നും തുടര്‍ നടപടി സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പും അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് അജ്മല്‍ ഓടിച്ച കാറിടിച്ച് മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോള്‍ മരിച്ചത്. റോഡില്‍ തെറിച്ചു വീണ യുവതിയുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി അജ്മലും ഒപ്പമുണ്ടായിരുന്ന യുവ വനിതാ ഡോക്ടറും രക്ഷപ്പെടുകയായിരുന്നു. കേസില്‍ അകപ്പെട്ടതോടെ പ്രതിയായ ഡോ. ശ്രീക്കുട്ടിയെ ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു. കൊല്ലം കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലെ താല്‍ക്കാലിക ഡോക്ടറായിരുന്നു ശ്രീക്കുട്ടി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



