ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുത്, പെട്രോൾ ലാഭിക്കൂ വര്‍ക്ക് ഫ്രം ഹോം തുടങ്ങണം, വിദേശ യാത്ര ഒഴിവാക്കണം: അഭ്യർത്ഥനയുമായി പ്രധാനമന്ത്രി

ഹൈദരാബാദ്: പശ്ചിമേഷ്യൻ സംഘർഷ സാഹചര്യത്തിൽ രാജ്യത്തെ ജനങ്ങൾ ഇന്ധനച്ചെലവ് കുറക്കാന്‍ പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവ അതീവ ജാഗ്രതയോടെയും മിതമായും മാത്രമേ ഉപയോഗിക്കാവൂ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുടെ വിദേശനാണ്യത്തെ സംരക്ഷിക്കാനായി ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങരുതെന്നും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ചു.

പൗരന്മാർ കഴിയുന്നത്ര പൊതുഗതാഗതം ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘മെട്രോ സൗകര്യമുള്ള ഇടങ്ങളിൽ അത് ഉപയോഗിക്കുക. യാത്രകൾക്ക് കാർ പൂളിംഗ് (യാത്രക്കാർ വാഹനം പങ്കിടുന്നത്) ശീലമാക്കുക, ചരക്ക് നീക്കത്തിന് റെയിൽവേയെ ആശ്രയിക്കുക. വിവാഹങ്ങള്‍ക്കും അവധിക്കാല യാത്രകള്‍ക്കുമായി വിദേശത്തേക്ക് പോകുന്ന സംസ്‌കാരം വളര്‍ന്നുവരുന്നതായി പ്രധാനമന്ത്രി പറഞ്ഞു, നിലവിലെ പ്രതിസന്ധി ഘട്ടത്തില്‍ ഒരു വർഷത്തേക്ക് വിദേശയാത്രകൾ ഒഴിവാക്കാനും ഉത്സവ വേളകളിൽ ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

പാചക എണ്ണയുടെ ഉപയോഗം കുറയ്ക്കാനും അദ്ദേഹം നിർദ്ദേശിച്ചു. ‘പാചക എണ്ണയുടെ ഉപയോഗം 10 ശതമാനം കുറയ്ക്കണം. ഇത് ഈ പ്രതിസന്ധി ഘട്ടത്തിൽ രാജ്യത്തെ സഹായിക്കുക മാത്രമല്ല, നിങ്ങളുടെ കുടുംബത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും,’ മോദി പറഞ്ഞു.

വര്‍ക്ക് ഫ്രം ഹോം, ഓണ്‍ലൈന്‍ കോണ്‍ഫറന്‍സ്, വിര്‍ച്വല്‍ മീറ്റീങ് എന്നിവ വീണ്ടും തുടങ്ങണം. ഈയൊരു സാഹചര്യത്തില്‍ നമ്മുടെ വിദേശനാണ്യം സംരക്ഷിക്കുകയെന്നത് എല്ലാവരുടേയും ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top