Section

malabari-logo-mobile

പി.ഐ.ഒ കാര്‍ഡ്‌ കൈവശമുള്ളവര്‍ ഒ.സി.ഐ കാര്‍ഡിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കണം;ഖത്തര്‍ ഇന്ത്യന്‍ എംബസി

HIGHLIGHTS : ദോഹ: പേഴ്‌സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (പി ഐ ഒ) കാര്‍ഡ് കൈവശമുള്ളവര്‍ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒ സി ഐ) കാര്‍ഡിനുള്ള അപേക്ഷകള്‍

qatar indian embassyദോഹ: പേഴ്‌സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (പി ഐ ഒ) കാര്‍ഡ് കൈവശമുള്ളവര്‍ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒ സി ഐ) കാര്‍ഡിനുള്ള അപേക്ഷകള്‍ ഉടന്‍ സമര്‍പ്പിക്കണമെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചു
ഇരട്ട പൗരത്വം ഇന്ത്യന്‍ ഭരണഘടന അനുവദിക്കാത്തതിനാല്‍ ഇന്ത്യന്‍ പൗരത്വം വേണ്ടെന്നുവച്ച വിദേശ രാജ്യങ്ങളിലുള്ളവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കി വന്നിരുന്ന പേഴ്‌സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ കാര്‍ഡുകള്‍ പുതിയ നിയമ ഭേദഗതിയോടെ അസാധുവായിട്ടുണ്ട്. ഇനി മുതല്‍ പുതുക്കിയ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ് മാത്രം മതിയാകും.
2015 ജനുവരി ഒന്‍പത് വരെയുള്ള എല്ലാ പേഴ്‌സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ കാര്‍ഡുകളും പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി.
ഇനി വിദേശങ്ങളിലെ ഇന്ത്യന്‍ വംശജര്‍ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡിനു മാത്രം അപേക്ഷിച്ചാല്‍ മതി. മികച്ച സേവനങ്ങള്‍ക്കായി രണ്ട് കാര്‍ഡുകള്‍ക്കു പകരം ഒരു ഒ സി ഐ കാര്‍ഡു മാത്രം മതിയെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.
ഒ സി ഐ കാര്‍ഡിന് അപേക്ഷിക്കാന്‍ ഇന്ത്യ ഗവണ്‍മെന്റ് വിപുലമായ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനുവരി ഒന്‍പതുവരെ കാലാവധിയുള്ള പി ഐ ഒ കാര്‍ഡ് ഉടമസ്ഥര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.
സെപ്തംബര്‍ 30നാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി.
ഒ സി ഐ കാര്‍ഡിനുള്ള അപേക്ഷകള്‍ ബന്ധപ്പെട്ട പി ഐ ഒ കാര്‍ഡുടമ താമസിക്കുന്ന എംബസി, കോണ്‍സുലേറ്റ്, എഫ് എഫ് ആര്‍ ഒ എന്നിവ മുഖേന സമര്‍പ്പിക്കാം.
പി ഐ ഒ കാര്‍ഡ് ഇഷ്യു ചെയ്ത സ്ഥലത്തുതന്നെ അപേക്ഷിക്കണമെന്ന മുന്‍ ഉത്തരവ് ഭേദഗതി ചെയ്താണ് പുതിയ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. വിവരങ്ങള്‍ക്ക്
ഒ ഐ സി കാര്‍ഡുകള്‍ സ്മാര്‍ട്ട് കാര്‍ഡുകളായിരിക്കും.
ഇന്ത്യയിലെ എമിഗ്രേഷന്‍ കൗണ്ടറുകളില്‍ വേഗത്തില്‍ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ഇതിലൂടെ സാധിക്കും. സൗജന്യമായിട്ടായിരിക്കും ഒ സി ഐ കാര്‍ഡുകള്‍ ഇഷ്യു ചെയ്യുക.
അപേക്ഷകന്‍ തപാല്‍ ചാര്‍ജും സര്‍വീസ് ഫീസും മാത്രം നല്‍കിയാല്‍ മതിയാകും. യോഗ്യമായ വിദേശ പാസ്‌പോര്‍ട്ടും പി ഐ ഒ കാര്‍ഡും ഉള്ളവര്‍ക്ക് ഇന്ത്യയില്‍ യാത്ര ചെയ്യാം.
വിദേശങ്ങളില്‍ കഴിയുന്ന പിഐ ഒ കാര്‍ഡുകാര്‍ക്കിടയില്‍ ഏറെ ആശയക്കുഴപ്പമുണ്ടാക്കുന്നതായിരുന്നു ഇതുവരെ നിലവിലുണ്ടായിരുന്ന രണ്ട് കാര്‍ഡുകളുള്ള സംവിധാനം.
യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ഇന്ത്യയിലേക്ക് വന്നുപോകാനും ഇവിടെ തങ്ങാനും അനുവദിക്കുന്ന ആജീവനാന്ത മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയാണ് ഒ സി ഐ കാര്‍ഡ്. പി ഐ ഒ കാര്‍ഡുകാര്‍ക്ക് 15 വര്‍ഷത്തേക്കു മാത്രമായിരുന്നു ഈ ഇളവ് നല്‍കിയിരുന്നത്.
ഇന്ത്യ റിപ്പബ്ലിക്കായ 1950 ജനുവരി 26നോ അതിനു മുമ്പോ ഇന്ത്യന്‍ പൗരത്വമുണ്ടാകുകയും പിന്നീട് വിദേശ പൗരത്വം സ്വീകരിക്കുകയും ചെയ്ത ഇന്ത്യന്‍ വംശജര്‍ക്കാണ് ഒ സി ഐ കാര്‍ഡ് നല്‍കിയിരുന്നത്. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാന്‍, അഫ്ഗാനിസ്ഥാന്‍, ചൈന, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ ഒഴികെ മറ്റു വിദേശ രാജ്യങ്ങളില്‍ പൗരത്വമുള്ള ഇന്ത്യന്‍ വംശജര്‍ക്കാണ് പിഐ ഒ കാര്‍ഡ് നല്‍കിയിരുന്നത്.
വിദേശ പൗരത്വത്തിനായി പാസ്‌പോര്‍ട്ട് സമര്‍പ്പിച്ചവര്‍ക്കും ഇതു നല്‍കിയിരുന്നു. പി ഐ ഒ കാര്‍ഡുകാര്‍ ഇന്ത്യയിലെത്തുമ്പോള്‍ ഒരോ തവണയും പ്രാദേശിക പൊലീസ് സ്റ്റേഷനിലെത്തി റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്. ഇവര്‍ക്ക് ആജീവനാന്ത വിസയും നല്‍കുന്നില്ല. പുതിയ പരിഷ്‌കരണത്തോടെ ഈ രണ്ടു നിയന്ത്രണങ്ങളില്‍ നിന്നും നിലവിലെ പിഐ ഒ കാര്‍ഡുകാരെ ഒഴിവാക്കും. ഈ കാര്‍ഡ് പുതുക്കുമ്പോള്‍ ഇനി ഒ സിഐ കാര്‍ഡായിരിക്കും ലഭിക്കുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!