Section

malabari-logo-mobile

ദോഹയില്‍ കുടിവെള്ളം പാഴാക്കുന്നവര്‍ക്ക്‌ 10,000 റിയാല്‍ പിഴ

HIGHLIGHTS : ദോഹ: കുടിവെള്ളം പാഴാക്കുന്നവര്‍ക്ക് 10,000 റിയാല്‍ വരെ പിഴ ഈടാക്കാന്‍ ശൂറാ കൗണ്‍സില്‍ ശിപാര്‍ശ ചെയ്തു. വെള്ളം പാഴാക്കുന്നവര്‍ക്ക് പിഴ വര്‍ധിപ്പിക്ക...

Untitled-1 copyദോഹ: കുടിവെള്ളം പാഴാക്കുന്നവര്‍ക്ക് 10,000 റിയാല്‍ വരെ പിഴ ഈടാക്കാന്‍ ശൂറാ കൗണ്‍സില്‍ ശിപാര്‍ശ ചെയ്തു. വെള്ളം പാഴാക്കുന്നവര്‍ക്ക് പിഴ വര്‍ധിപ്പിക്കുന്നതുള്‍പ്പടെയുള്ള വ്യവസ്ഥകളോടെ മന്ത്രിസഭ തയ്യാറാക്കിയ കരട് നിയമം വിശദമായി പഠിച്ചശേഷമാണ് ശൂറാ കൗണ്‍സില്‍ ശിപാര്‍ശകള്‍ തയ്യാറാക്കിയത്. പിഴ 10000 റിയാല്‍ വരെയാക്കണമെന്നതാണ് കൗണ്‍സില്‍ നിര്‍ദേശം. പുനരാലോചനയ്ക്കും ഒത്തുതീര്‍പ്പിനും ശേഷം പിഴ 5000 റിയാല്‍ വരെയായി കുറയ്ക്കാമെന്നും ശിപാര്‍ശ ചെയ്തു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടിന് കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സില്‍ അംഗീകാരം നല്‍കി. കുടിവെള്ളം പാഴാക്കുന്നതിന് പരമാവധി 20,000 ഖത്തര്‍ റിയാലും കുറഞ്ഞത് 10,000 റിയാലും പിഴ ഈടാക്കണമെന്നായിരുന്നു കരട് നിയമം വ്യവസ്ഥ ചെയ്തിരുന്നത്. ഇതാണ് പരമാവധി 10,000 റിയാല്‍ വരെയാക്കി നിജപ്പെടുത്തണമെന്ന് ശൂറാ കൗണ്‍സില്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇത് ക്യാബിനറ്റ് അംഗീകരിക്കാനാണ് സാധ്യത. നിലവില്‍  കുടിവെള്ളം പാഴാക്കുന്നവര്‍ക്ക് 4000 റിയാലാണ് പിഴ. ഒത്തുതീര്‍പ്പിനുശേഷം 1000 റിയാലുമാണ് ഈടാക്കി വരുന്നത്. വീടുകളില്‍ വൈദ്യുതിയും ജലവും വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി പരക്കെ ആക്ഷേപമുണ്ട്. വെള്ളവും വൈദ്യുതിയും ദുരുപയോഗം ചെയ്യുന്നതിനെതിരെ കഹ്‌റാമയുടെ നേതൃത്വത്തില്‍ ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. ഖത്തരി പൗരന്‍മാര്‍ക്ക് വെള്ളവും വൈദ്യുതിയും സൗജന്യമായാണ് നല്‍കുന്നത്. അതുകൊണ്ടുതന്നെ ദുരുപയോഗം നടക്കാന്‍ സാധ്യതയേറെയാണ്. ദുരുപയോഗം തടയാന്‍ നിയമനിര്‍മാണത്തിലൂടെ കഴിയുമെന്നാണ് കഹ്‌റമാ പ്രതീക്ഷിക്കുന്നത്. കാറുകളും വീടിന്റെ ലോണുകളും വൃത്തിയാക്കുന്നതിന് കഹ്‌റാമയില്‍ നിന്നും നല്‍കുന്ന വെള്ളം ഉപയോഗിക്കുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ട്. എന്നാല്‍ പലരും നിയമലംഘനം തുടരുന്നതായി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് പിഴത്തുക വര്‍ധിപ്പിച്ച് കരട് നിയമം തയാറാക്കിയത്. ഖത്തറിലെ വെള്ളം, വൈദ്യുതി കണക്ഷനുകളുടെ എണ്ണം 64,000 ആയി വര്‍ധിച്ചിട്ടുണ്ടെന്ന് ഊര്‍ജ്ജ, വ്യവസായ മന്ത്രാലയം വ്യക്തമാക്കുന്നു. ഇതില്‍  പതിമൂന്ന് ശതമാനം കണക്ഷനുകളും ഖത്തരികള്‍ക്കാണ് ലഭിച്ചിരിക്കുന്നത്.  ബാക്കിയുള്ള കണക്ഷനുകള്‍ പ്രവാസികള്‍ക്കാണ്. ഖത്തറില്‍ വെള്ളത്തിന് സബ്‌സിഡി പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വെള്ളം പാഴാക്കുന്നതിലൂടെ സര്‍ക്കാര്‍ പണമാണ് നഷ്ടമാകുന്നതെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. സ്വകാര്യ വ്യക്തികളും പൊതു മേഖലാ സ്ഥാപനങ്ങളും വെള്ളം ദുരുപയോഗം ചെയ്യുന്നുണ്ടോയെന്ന് കഹ്‌റമാ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. നിയമലംഘകരില്‍ അമ്പതു ശതമാനം പേരും ഒത്തുതീര്‍പ്പിനായി അതോറിറ്റികളെ സമീപിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 12,000 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.  വെള്ളം, വൈദ്യുതി ദുരുപയോഗം തടയുന്നതിന് കെട്ടിടങ്ങള്‍ക്കും മറ്റും ഓട്ടോമാറ്റിക് സ്വിച്ചുകള്‍ നിര്‍ബന്ധമാക്കണമെന്നും കരട് നിയമത്തില്‍ ശിപാര്‍ശയുണ്ട്. കഹ്‌റമാ ചെയര്‍മാന്റെ തീരുമാനപ്രകാരമുള്ള മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണം ഇത്. പ്രതിശീര്‍ഷ വൈദ്യുത, ജല ഉപഭോഗത്തില്‍ ആഗോളതലത്തില്‍ തന്നെ മുന്നിലാണ് ഖത്തര്‍. ഖത്തറിലെ ഒരു ദിവസത്തെ പ്രതിശീര്‍ഷ ജല ഉപഭോഗം 500 ലിറ്ററിലധികമാണ്. ആഗോളശരാശരിയേക്കാള്‍ മൂന്നിരട്ടിയാണിത്. ആഗോളതലത്തില്‍ പ്രതിശീര്‍ഷ ജല ഉപഭോഗം 160ലധികം ലിറ്ററാണ്. വൈദ്യുതി ദുരുപയോഗത്തിനും 10000 റിയാല്‍ വരെ പിഴയാണ് കരട് നിയമം വ്യവസ്ഥ ചെയ്യുന്നത്. ഖത്തറിന്റെ പ്രതിശീര്‍ഷ വൈദ്യുതി ഉപഭോഗം ആഗോള ശരാശരിയേക്കാള്‍ അഞ്ചിരട്ടി കൂടുതലാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!