Section

malabari-logo-mobile

നായ…. ഒരു തെറിവാക്കാണോ?

HIGHLIGHTS : a write up by satish thottathil

എഴുത്ത് : സതീഷ് തോട്ടത്തില്‍

ഏതൊരു ദുരന്തങ്ങള്‍ കഴിഞ്ഞാലും
ഉറ്റവരെല്ലാം വിട്ടുപോയിട്ടും
അതൊന്നുമറിയാതെ
ഉറ്റവരേയും നോക്കിനടക്കുന്ന കാത്തുകിടക്കുന്ന
ചില ജീവികളുണ്ടാവും ഈ ഭൂലോകത്തില്‍.
വരും വരാതിരിക്കില്ലായെന്ന
ആ പ്രതീക്ഷാകാത്തിരിപ്പിന്റെ ചിത്രങ്ങള്‍
നമ്മളെ വല്ലാതെ കൊത്തിവലിക്കാറുണ്ട്.
ഉറ്റവരെ തിരയുന്ന ആ കണ്ണുകള്‍
വല്ലാതെ നൊമ്പരപ്പെടുത്താറുണ്ട്.
കഴിഞ്ഞ ദുരന്തത്തിലും പ്രിയപ്പെട്ടവരെ തിരയുന്ന ഒരു നായയെ നമ്മള്‍ കണ്ടു.

sameeksha-malabarinews
സതീഷ് തോട്ടത്തില്‍

ആ കോളണി മുഴുവന്‍ അറിയുന്നവനായിരിക്കണമവന്‍.
കുവി എന്ന് പേര് കേള്‍ക്കുമ്പോള്‍
വാലാട്ടി സ്‌നേഹം പ്രകടിപ്പിച്ചവനായിരിക്കണമവന്‍.
താനെന്നും ജീവനോടെ കാണുന്ന
രണ്ടുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്താന്‍ സഹായിച്ചത് ഈ നായയായിരുന്നത്രെ.?
അതിന് അറിയാമായിരിക്കണം
മണ്ണിലടിയിലാണെങ്കിലും എനിക്കവളുടെ
മണംപിടിക്കാനാവുമെന്ന്.
ഞങ്ങള്‍ അത്രമേല്‍ ഇഷ്ടപ്പെട്ടിരുന്നെന്ന്.
റഫീക്ക് അഹമ്മദിന്റെ കവിതയില്‍
ഉമ്മുക്കുല്‍സു മരിച്ചപ്പോള്‍
അവളഴിച്ചുവെച്ച ചെരുപ്പ് മണത്തുപോകുന്നുണ്ട് അവളെയെന്നും കാണുന്ന കുറിഞ്ഞിപൂച്ച.

മനുഷ്യനും നായയും തമ്മിലുള്ള ബന്ധം
പുരാതനകാലത്തോളം നീളുന്നതാണ്.
പതിനയ്യായിരം വര്‍ഷം പഴക്കമുള്ള
ഒരു നായയുടെ അസ്ഥികൂടം കുഴിച്ചെടുത്തത്
ഒരു മനുഷ്യന്റെ ശവക്കല്ലറയില്‍ നിന്നുമായിരുന്നത്രെ.
നായയും മനുഷ്യനും തമ്മിലുള്ള ഹൃദയബന്ധം കൂടിയാകണം ഇതിനു കാരണം.

എല്ലാ മതങ്ങളിലും പുരാണങ്ങളിലുമെല്ലാം
നായകള്‍ കടന്നുവരുന്നുണ്ട്.

ശിവന്റെ ഭൂതഗണങ്ങളില്‍ ഒന്നാണ് ഭൈരവന്‍
ആ ഭൈരവന്റെ വാഹനം നായയും.
വിശുദ്ധ റോക്കസ് 1300ല്‍ ഫ്രാന്‍സില്‍ ജീവിച്ചിരുന്നയാളാണ്.
അദ്ദേഹം നായ്ക്കളുടെ രക്ഷകന്‍ കൂടിയായിരുന്നു.
ഒരിക്കലദ്ദേഹത്തിന് പ്ലേഗ് ബാധിച്ചു.
മരണം ഉറപ്പിച്ചു.
ഉറ്റവരെല്ലാം കയ്യൊഴിഞ്ഞു.
മരണം വരിക്കാന്‍ കാട്ടിലേക്കദ്ദേഹം യാത്രതിരിച്ചു.
അപ്പോഴും ഒരു നായ അദ്ദേഹത്തെ വിടാന്‍ തയ്യാറായില്ല.
മരണത്തിനു വിടാന്‍ തയ്യാറായില്ല.
ഭക്ഷണവുമായ് നായ കാട്ടിലേക്ക് തിരിച്ചു.
ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍
അദ്ദേഹം രോഗവിമുക്തനായ് ജീവിതത്തിലേക്ക് തിരിച്ചുവന്നു.
അദ്ദേഹം ജീവിച്ചത് ഒരു നായ കാരണമെന്ന്
വിശ്വസിക്കപ്പെട്ടുപോരുന്നു.
അതിന്റെ ഓര്‍മ്മക്കായുള്ള ശില്പമാണ്
താഴെയുള്ള കമന്റിലുള്ള ചിത്രം.
നായയോടൊപ്പമുള്ള വിശുദ്ധ റോക്കസിന്റെ ശില്പം.

ചൈനക്കാര്‍ നായയിറച്ചി തിന്നുമെങ്കിലും
അവരുടെ ആരാധിക്കപ്പെടുന്ന 12 മൃഗങ്ങളില്‍
ഒന്ന് നായയാണ്.
അവരുടെ പുതുവര്‍ഷത്തിന്റെ രണ്ടാമത്തെ ദിവസം
നായ്ക്കളുടെകൂടി ജന്മദിനമാണ്.

ഒരു ജീവിയെന്ന നിലക്ക് നായയെ സ്‌നേഹിക്കാന്‍
ഇസ്ലാം മതം പഠിപ്പിക്കുന്നുണ്ടെങ്കിലും
നായയെ വളര്‍ത്തുന്നവര്‍ ആ മതത്തില്‍ കുറവാണ്.
വേട്ടയാടാനും കാവലാളിനുമല്ലാതെ
നായകളുമായ് ബന്ധംപാടില്ലെന്നും
മതം പറയുന്നുണ്ട്.
നായ്ക്കളെ സ്പര്‍ശിച്ചാല്‍
ഏഴു തവണ ശുദ്ധ ജലത്തില്‍ കഴുകണമെന്നും
അതില്‍ ഒരു തവണ കളിമണ്ണു കലര്‍ത്തിയ വെള്ളമായിരിക്കണമെന്നും
ഇസ്ലാം നിഷ്‌കര്‍ഷിക്കുന്നുണ്ട്.

ഗ്രീക്ക് പുരാണത്തില്‍ നായകള്‍ നിരവധിയാണ്.
മേര എന്ന പേരിലറിയപ്പെട്ട ഒരു ദേവന്റെ നായ
ആകാശത്തിലെ നക്ഷത്രങ്ങളെപോലെ
ഉയര്‍ത്തപ്പെട്ടിരുന്നു.

ഋഗ്വേദത്തിലെ ഒരു സൂക്തത്തില്‍പോലും
നായ കടന്നുവരുന്നുണ്ട്.
”അല്ലയോ തവിട്ടുനിറമുള്ള നായേ
വെളുത്ത നിറമുള്ള സരമയുടെ മകനേ
നീ പല്ല് പുറത്തുകാണിക്കുമ്പോള്‍
ആയുധംപോലെ തിളങ്ങുന്നു.
നീ കള്ളനേയും കൊള്ളക്കാരനേയും ആക്രമിക്കുക.
എന്തിന് വെറുതേ ഇന്ദ്രന്റെ ഭക്തരെ ആക്രമിക്കുന്നൂ ”

മഹാഭാരതത്തിന്റെ അവസാനഘട്ടത്തില്‍
യമരാജാവ് നായയുടെ വേഷത്തില്‍ വന്ന്
യുധിഷ്ഠിരനെ സ്വര്‍ഗ്ഗത്തിലേക്ക് പോകാനെത്തിയ രംഗവുമുണ്ടല്ലോ.

രാമായണത്തില്‍ വിശ്വാമിത്ര മഹര്‍ഷി
തന്റെ മക്കളെ ഒരായിരം വര്‍ഷത്തേക്ക്
ശപിക്കുന്നുണ്ട്.
(ഇത്രയും ശപിച്ച വേറെയേതു മഹര്‍ഷിയുണ്ട്
അനങ്ങിയാല്‍ ശപിച്ചുകളയും )??
മക്കളേ നിങ്ങള്‍
ഒരായിരം വര്‍ഷം നായയിറച്ചി കഴിച്ച് ജീവിക്കണം.

ശാസ്ത്രത്തിനും നായയെ വേണമായിരുന്നു.
‘ലെയ്ക്ക ‘ എന്ന നായയെയല്ലേ
ബഹിരാകാശത്തേക്ക് വിട്ട ആദ്യ ജീവന്‍.

സാഹിത്യവും നായയെ വിട്ടില്ല.
തകഴിയുടെ വെള്ളപ്പൊക്കവും
ഹാരിസണ്‍ സായ്പിന്റെ നായയും എത്ര ശക്തമാണ്.
ഒരു ദുരന്തം വന്നപ്പോള്‍
ഒരു നന്ദിയും കാണിക്കാത്ത മനുഷ്യന്റെ ചിത്രമല്ലേ വെള്ളപ്പൊക്കം.
അതുവരേയും ഒപ്പമുണ്ടായിരുന്ന
പട്ടിയേയും വിട്ട് വീട്ടുകാര്‍ വള്ളത്തില്‍ കയറി
രക്ഷപ്പെടുമ്പോള്‍
മുങ്ങിപോകുന്ന കൂരയുടെ മേല്‍ക്കൂരയിലിരുന്ന് വീട്ടുകാരെ ദയനീയമായ് നോക്കിനില്‍ക്കുന്ന
ആ പട്ടിയുടെ രൂപം എങ്ങനെ മറക്കാനാവും.
ബഷീറിന്റെ ‘ടൈഗര്‍ ‘ എന്ന കഥ
തുടങ്ങുന്നതുപോലും ഇങ്ങിനെയാണ്
‘ടൈഗര്‍ ഭാഗ്യവാനായ ഒരു പട്ടിയാണ്….

ഒരു നായ കേന്ദ്രകഥാപാത്രമായ ഒരു നോവല്‍
ഇന്ത്യന്‍ സാഹിത്യത്തിലുണ്ടോ ?
എം.പി. നാരായണപ്പിള്ളയുടെ ‘പരിണാമം ‘
എന്ന നോവലിനോളം ശക്തമായത്.
എന്തൊരു ശക്തമാണ് ആ നോവല്‍.
അധികാരവ്യവസ്ഥക്ക് നേര്‍ക്ക് തിരിച്ചുപിടിച്ച കണ്ണാടിയാണ് ആ നോവല്‍.
മനുഷ്യനെ നിര്‍വചിക്കാന്‍ ഒരു നായയെ രൂപകമാക്കിയ ഏക ഇന്ത്യന്‍ നോവലും ഇതുതന്നെയാകണം.
ആ നോവലിലൂടെ പറയുന്നതിതാണ്
മനുഷ്യനും നായയും തമ്മിലുള്ള വ്യത്യാസം
നായക്ക് കള്ളത്തരമറിയില്ല എന്നതാണ്.
വാലാട്ടികൊണ്ട് ഒരു പട്ടിക്കും കടിക്കാനാവില്ല.
ഉള്ളിലൊന്ന് വെച്ചും പുറത്ത് മറ്റൊന്നു കാണിച്ചും
ഒരു പട്ടിയും പ്രവര്‍ത്തിക്കില്ല.
അത് മനുഷ്യന് മാത്രം സാധ്യമാകുന്നതാണ്
മനുഷ്യന് മാത്രം.

ഇത്രയൊക്കെ നമ്മളെ സ്‌നേഹിച്ചിട്ടും
മരണത്തില്‍പോലും നമ്മളോടൊപ്പം നിന്നിട്ടും
ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ
അധിക്ഷേപിക്കാനും തെറി പറയാനും
പട്ടിയേയും നായയേയും തന്നെ
കൂട്ടുപിടിക്കുന്നിപ്പോഴും
അതിലാനന്ദം കൊള്ളുന്നിപ്പോഴും…..

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!