ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു: കേരളത്തിലും പണിമുടക്കുന്നു

ദില്ലി: പശ്ചിമബംഗാളില്‍ ഡോക്ടറെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കുന്നു. ഡോക്ടര്‍മാരുടെ സംഘടനയായ ഐഎംഎ നടത്തുന്ന പണിമുടക്കില്‍ കേരളത്തിലെ ഡോകടര്‍മാരും പങ്കെടുക്കുന്നുണ്ട്. സമരത്തില്‍ നിന്ന് അത്യാഹിതവിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.

ഇന്ന് വൈകീട്ട് ജൂനിയര്‍ ഡോക്ടര്‍മാരുമായി ചര്‍ച്ചക്ക് മമത തയ്യാറായിട്ടുണ്ട്. എന്നാല്‍ ചര്‍ച്ചമാധ്യമങ്ങളുടെ സാനിധ്യത്തിലാവണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ ഉപാധി മമത അംഗീകരിച്ചാല്‍ വൈകീട്ട് ചര്‍ച്ച നടക്കും.

ജൂണ്‍ പത്താംതിയ്യതി കൊല്‍ക്കത്തയിലെ എന്‍ആര്‍എസ് ആശുപത്രിയില്‍ രോഗി മരിച്ചതിനെ തുടര്‍ന്ന ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറെ മര്‍ദ്ദിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഇവര്‍ സമരം തുടങ്ങിയത്. ബംഗാള്‍ സര്‍ക്കാര്‍ സമരത്തോട് മുഖംതിരിഞ്ഞുനിന്നപ്പോള്‍, കേന്ദ്രസര്‍ക്കാര്‍ സമരക്കാര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു.

കേരളത്തിലും സമരം തുടങ്ങി. സ്വകാര്യ ആശുപത്രികളില്‍ നാളെ രാവിലെ വരെ ഒപി പ്രവര്‍ത്തിക്കില്ല. ഐസിയു, ലേബര്‍ റൂം അത്യാഹിതവിഭാഗം എന്നിവ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. സര്‍ക്കാര്‍ ആശുപത്രികളില്‍ എട്ടുമുതല്‍ 10 വരെ ഓപി മുടങ്ങും. മെഡിക്കല്‍ കോളേജില്‍ 10 മുതല്‍11 മണിവരെയാണ് പണിമുടക്കം.

എന്നാല്‍ ആര്‍സിസിയില്‍ സമരം ഉണ്ടാവില്ലെന്ന് അറിയിച്ചിട്ടുണ്ട്.

Related Articles