ബംഗാളി നടിയുടെ ലൈംഗികാരോപണം;സംവിധായകന്‍ രഞ്ജിത്ത് രാജി വെച്ചു

തിരുവനന്തപുരം: സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. ബംഗാളി നടി ശ്രീലേഖ മിത്ര ലൈംഗികാരോപണം ഉയര്‍ത്തിയതിന് പിന്നാലെ രഞ്ജിത് രാജിവക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു.

ബംഗാളി നടിയായ ശ്രീലേഖ മിത്രയാണ് രഞ്ജിത്തിനെതിരെ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയത്. രഞ്ജിത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്ന് നടി പറയുന്നു. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും തൊട്ടു പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും ശ്രീലേഖ മിത്ര മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

അതെസമയം സത്യം പുറത്ത് വരുമെന്ന് രഞ്ജിത്ത് രാജി സന്ദേശത്തില്‍ പറയുന്നു. അല്‍പസമയത്തിന് മുന്‍പ് എഎംഎംഎ ജനറല്‍ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചിരുന്നു.

കഴിഞ്ഞ ദിവസം യുവനടി ഉയര്‍ത്തിയ ലൈംഗികാരോപണത്തിന്റെ അടിസ്ഥാനത്തിലാണ് സിദ്ദിഖ് എഎംഎംഎ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കുന്നത്. യുവനടി രേവതി സമ്പത്ത് ആണ് സിദ്ദിഖിനെതിരെ ആരോപണം ഉന്നയിച്ചത്.

മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങളെ തുറന്നുകാട്ടുന്ന ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി പ്രമുഖ വ്യക്തികള്‍ക്കെതിരായ ആരോപണങ്ങളാണ് ഓരോദിവസവും പുറത്തുവരുന്നത്.

 

 

Share news
error: Content is protected !!
Scroll to Top