യുവ നടിയുടെ പീഡന പരാതി; സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റില്‍ , ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി : യുവനടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ. തൊടുപുഴയിൽ വെച്ചാണ് രഞ്ജിത്തിനെ കസ്റ്റഡിയിൽ എടുത്തത്. രഞ്ജിത്തിൻ്റെ പുതിയ ചിത്രത്തിലെ യുവ നടിയാണ് പരാതിക്കാരി.

രണ്ട് ദിവസം മുൻപാണ് യുവനടി രഞ്ജിത്തിനെതിരെ പരാതി നൽകിയത്. കഴിഞ്ഞ ഒരാഴ്ചയായി രഞ്ജിത്ത് പൊലീസ് നിരീക്ഷണത്തിലായിരുന്നു. എസ്പി നൽകിയ നേരിട്ടുള്ള നിർദ്ദേശ പ്രകാരമാണ് രഞ്ജിത്തിനെ കസ്റ്റഡിയിൽ എടുത്തത്. തൊടുപുഴ പൊലീസിൻ്റെ കസ്റ്റഡിയിലായിരുന്ന രഞ്ജിത്തിനെ കൊച്ചി പൊലീസിന് കൈമാറി.

കൂടുതൽ പ്രാധാന്യമുള്ള റോൾ നൽകാമെന്ന് പറഞ്ഞ് കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടി പറയുന്നത്. കോട്ടയത്തെ ഷൂട്ടിങ് ലൊക്കേഷനിൽവെച്ച് രണ്ട് മാസം മുൻപാണ് സംഭവം നടന്നത്. ഡിജിപിക്കായിരുന്നു യുവതി പരാതി നൽകിയത്. പരാതി നൽകിയതിന് പിന്നാലെ നടിയുടെ മൊഴി രേഖപ്പെടുത്തി. കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിവരികയായിരുന്നു. രഹസ്യ നീക്കത്തിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. തൊടുപുഴയില്‍ നിന്നും കസ്റ്റഡിയിലെടുത്ത രഞ്ജിത്തിനെ രാത്രി തന്നെ കൊച്ചിയിലെത്തിക്കുകയായിരുന്നു. പരാതി സിറ്റി കമ്മീഷണർ കാളിരാജ് മഹേശ്വറിന് കൈമാറിയിരുന്നു.

നേരത്തെ രഞ്ജിത്തിനെതിരെ സമാനരീതിയിൽ രണ്ട് പരാതികൾ ഉയർന്നിരുന്നു. ബംഗാളി നടിയും ഒരു യുവാവുമായിരുന്നു രഞ്ജിത്തിനെതിരെ പരാതി നൽകിയത്. ഇതിൻ്റെ അടിസ്ഥാനത്തിൽ രഞ്ജിത്തിനെതിരെ കേസെടുത്തിരുന്നു.

രഞ്ജിത്തിന് രക്തസമ്മര്‍ദ്ദം കൂടിയ നിലയിലാണ്. ഇസിജിയിലും വ്യതിയാനമുണ്ട്. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് രഞ്ജിത്തിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഡോക്ടര്‍മാരുടെ പരിശോധനയ്ക്ക് ശേഷമാകും അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുന്നതില്‍ പൊലീസ് തീരുമാനമെടുക്കുക.

Share news
error: Content is protected !!
Scroll to Top