ഡിജിറ്റൽ അറസ്റ്റ് ഭീഷണി ; ഡോക്ടറുടെ 10.5 ലക്ഷം രൂപ തട്ടിയ പഞ്ചാബ് സ്വദേശി പിടിയിൽ

കണ്ണൂർ : ഡിജിറ്റൽ അറസ്റ്റ് ഭീഷണി മുഴക്കി വനിതാ ഡോക്ടറിൽനിന്ന് 10.5 ലക്ഷം രൂപ തട്ടിയെടുത്ത പഞ്ചാബ് സ്വദേശി പിടിയിൽ. പഞ്ചാബിലെ ലുധിയാന സ്വദേശി ജീവൻ രാം (28) ആണ് കണ്ണൂർ സിറ്റി സൈബർ പൊലീസിന്റെ പിടിയിലായത്. ലുധിയാന ജില്ലയിലെ ഉൾഗ്രാമത്തിൽവച്ചാണ് പ്രതിയെ പിടിച്ചത്.

കഴിഞ്ഞ നവംബർ 30നാണ് തലശേരി സ്വദേശിയായ ഡോക്ടറുടെ പണം തട്ടിയത്. മുംബൈ സിബിഐ ഉദ്യോഗസ്ഥർ എന്ന വ്യാജേന വാട്‌സാപ്പ് വീഡിയോ കോളിലൂടെ ബന്ധപ്പെട്ട തട്ടിപ്പു സംഘം, പരാതിക്കാരിയുടെപേരിൽ കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലവിലുണ്ട്ന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. കേസ് ഒത്തുതീർപ്പാക്കാനെന്ന പേരിൽ വിവിധ അക്കൗണ്ടുകളിലായി 10,50,000 രൂപ അയപ്പിച്ചു.

ഈ പണം പ്രതി ജീവൻ രാം ചെക്ക് വഴി അക്കൗണ്ടിൽനിന്ന് പിൻവലിച്ചതായി പൊലീസ് കണ്ടെത്തി. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. കണ്ണൂർ സിറ്റി പൊലീസ് കമീഷണർ നിധിൻരാജിന്റെ മേൽ നോട്ടത്തിലാണ് അന്വേഷണം നടന്നത്. സിറ്റി സൈബർ പൊലീ സ് സ്‌റ്റേഷൻ എസ്‌ഐ ടി പി പ്രജീഷിൻ്റെ നേതൃത്വത്തിലുള്ള സംഘത്തിൽ എസ്ഐ ഇ ജ്യോതി, സിപിഒ കെ സുനിൽ എന്നിവരാണുണ്ടായത്.

പ്രതി ലൊക്കേഷൻ തുടർച്ചയായി മാറിക്കൊണ്ടിരുന്നത് അന്വേഷണത്തെ ബാധിച്ചു. അഞ്ചു ദിവസം തുടർച്ചയായി പിന്തുടർന്നാണ് വലയിലാക്കിയത്. രണ്ട് അക്കൗണ്ടുകളിലേക്കാണ് പ്രതി ഡോക്ടറെക്കൊണ്ട് പണം അയപ്പിച്ചത്. ഒന്ന് പഞ്ചാബിലും മറ്റൊന്ന് യുപിയിലും. പണം വന്ന യുടൻ പിൻവലിക്കുകയും ചെയ്തു. മറ്റൊരാൾക്ക് പണം കൈമാറിയെന്നാണ് പ്രതിയുടെ മൊഴി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top