ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വി സി നിയമനം; രാജ്ഭവന് സര്‍ക്കാര്‍ പട്ടിക കൈമാറി

തിരുവനന്തപുരം: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലേക്കുള്ള വി സി നിയമനവുമായി ബന്ധപ്പെട്ട് രാജ്ഭവന് പട്ടിക കൈമാറി സംസ്ഥാന സര്‍ക്കാര്‍. മൂന്നംഗ പാനലിന്റെ പട്ടികയാണ് സര്‍ക്കാര്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് കൈമാറിയത്. ഡോ ജയപ്രകാശ്, ഡോ പ്രവീണ്‍, ഡോ സജീബ് എന്നിവരാണ് പട്ടികയിലുള്ളത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നീക്കം.

അതേസമയം, താത്ക്കാലിക വി സി നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ നിന്ന് തിരിച്ചടി നേരിട്ട പശ്ചാത്തലത്തില്‍ അപ്പീല്‍ നല്‍കാനാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്റെ നീക്കം. അനുകൂല വിധി ലഭിക്കുമെന്നാണ് നിയമോപദേശം. നാളെ സുപ്രീംകോടതിയെ സമീപിക്കാനാണ് ശ്രമം. തീരുമാനം വരുന്നതുവരെ സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളില്‍ വിസിമാരെ നിയമിക്കില്ല. ഗവര്‍ണര്‍ നിയമിച്ച രണ്ട് താല്‍ക്കാലിക വിസിമാരുടെ നിയമനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും നിയമനം തള്ളിയ സാഹചര്യത്തില്‍ അപ്പീല്‍ വേണ്ടെന്നായിരുന്നു ആദ്യ തീരുമാനം. പിന്നീടാണ് നിയമോപദേശം തേടിയത്.

സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാര്‍ക്ക് സുപ്രധാന പങ്കുണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. വിസിമാര്‍ സര്‍വകലാശാലാ താത്പര്യം സംരക്ഷിക്കണം. താത്ക്കാലിക വിസി നിയമനം താത്ക്കാലിക സംവിധാനം മാത്രമാണ്. താത്ക്കാലിക വിസിമാരുടെ നിയമനം ആറ് മാസത്തില്‍ കൂടുതല്‍ പാടില്ല. വിസി നിയമനം നീളുന്നത് വിദ്യാര്‍ത്ഥികളെ ബാധിക്കും. സ്ഥിര വിസി നിയമനത്തില്‍ കാലതാമസം പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

താത്ക്കാലിക വിസി നിയമനത്തില്‍ ചാന്‍സലര്‍ക്ക് മുന്നില്‍ മറ്റ് വഴികളില്ലെന്നും വിസി നിയമനം സര്‍ക്കാര്‍ ശുപാര്‍ശ അനുസരിച്ച് തന്നെ നടത്തണമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. സര്‍ക്കാരിന്റെ ശുപാര്‍ശയില്ലാതെ നിയമനം നടത്തരുതെന്നാണ് 2022ലെ സിസ തോമസ് കേസിലെ വിധിയെന്നും ഹൈക്കോടതി ഗവര്‍ണ്ണറെ ഓര്‍മ്മിപ്പിച്ചു. സര്‍വകലാശാലാ കാര്യങ്ങളിലെ കാവല്‍ക്കാരനാണ് വിസി. വിസി സ്ഥാനം ഒഴിഞ്ഞുകിടക്കുന്നത് സര്‍വകലാശാലാ താത്പര്യമല്ലെന്നും ഹൈക്കോടതിയുടെ വിധിയില്‍ വ്യക്തമാക്കിയിരുന്നു.വിസി നിയമനം സര്‍ക്കാര്‍ പാനലില്‍ നിന്ന് വേണമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ളതായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. ഇതിനെതിരെയായിരുന്നു ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. സിംഗിള്‍ ബെഞ്ച് ഉത്തരവ് ശരിവെച്ച ഡിവിഷന്‍ ബെഞ്ച് ഗവര്‍ണറുടെ അപ്പീല്‍ തള്ളുകയായിരുന്നു. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് പി വി ബാലകൃഷ്ണന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top