മകരവിളക് ദര്‍ശനം നടത്തി ഭക്തര്‍. ശരണമന്ത്രങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ വൈകിട്ട് 6.43 ഓടുകൂടി പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിച്ചു. പുണ്യദര്‍ശനത്തിനായി രണ്ട് ലക്ഷത്തോളം ഭക്തരാണ് ശബരിമല ക്ഷേത്രത്തിലും പരിസരത്തുമായി തടിച്ച് കൂടിയത്. തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനയ്ക്ക് ശേഷമായിരുന്നു ഭക്തര്‍ കാത്തിരുന്ന മകരവിളക്ക് ദര്‍ശനം. മന്ത്രി വി.എന്‍. വാസവന്‍ ഉള്‍പ്പെടെയുള്ളവര്‍ സന്നിധാനത്ത് എത്തിയിരുന്നു.
പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നും മൂന്ന് ദിവസം മുന്‍പ് പുറപ്പെട്ട തിരുവാഭരണം വൈകിട്ട് ആറരയോടെയാണ് സന്നിധാനത്ത് എത്തിയത്. തന്ത്രി കണ്ഠര് രാജീവര്, മേല്‍ശാന്തി എസ് അരുണ്‍കുമാര്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്നാണ് തിരുവാഭരണം ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങിയത്.
മകരജ്യോതി ദര്‍ശനത്തിനായി ഭക്തര്‍ സന്നിധാനത്തും വിവിധ വ്യൂപോയിന്റുകളിലും നേരത്തെ സ്ഥലം പിടിച്ചിരുന്നു. കനത്തസുരക്ഷയാണ് എല്ലാ വ്യൂപോയിന്റുകളിലും ഒരുക്കിയിരുന്നത്.




