താനൂര്‍: ഏപ്രില്‍ 11ന് നടക്കുന്ന ബാക്ക് ടു ദേവധാര്‍ 2020 പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തിന്റെ ഭാഗമായി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ കലാകാരന്മാരുട കൂട്ടായ്മ ആര്‍ട്‌സ് അലുമിനി മീറ്റ് ഇന്ന്. ആര്‍ട്‌സ് അലുമിനിയുടെ പ്രചരണാര്‍ത്ഥം പാട്ടു വണ്ടി പര്യടനം നടത്തി.
ദേവധാര്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പിടിഎ പ്രസിഡന്റ് ഇ അനോജ് ഫ്‌ലാഗ് ഓഫ് ചെയ്തു. എം വിശ്വനാഥന്‍ അധ്യക്ഷനായി. കെ നാരായണന്‍ സ്വാഗതം പറഞ്ഞു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ താനാളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും, ദേവധാര്‍ സ്‌കൂളിലെ പൂര്‍വാധ്യാപികയുമായ കെ എം മല്ലിക, താനാളൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി പ്രഭാകരന്‍, റിട്ട. ആര്‍ഡിഒ കെ നാരായണന്‍കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
താനൂര്‍ നഗരസഭ, താനാളൂര്‍, നിറമരുതൂര്‍, ഒഴൂര്‍ എന്നീ പഞ്ചായത്തുകളിലെ 26 കേന്ദ്രങ്ങളില്‍ പാട്ടു വണ്ടി പര്യടനം നടത്തി. വി വി സത്യാനന്ദന്‍, എ ജ്യോതിഭാസു, കെ ബാലചന്ദ്രന്‍, മണി താനൂര്‍, കെ ടി ഷിജു എന്നിവരടങ്ങുന്ന ഗായകരാണ് പാട്ട് വണ്ടിയിലൂടെ അലുമ്‌നിയുടെ പ്രചാരണം നടത്തുന്നത്. താനൂരില്‍ നടന്ന സമാപന സമ്മേളനം പൂര്‍വ വിദ്യാര്‍ത്ഥിയും, ഗായകനുമായ ഫിറോസ് ബാബു ഉദ്ഘാടനം ചെയ്തു.
ഞായറാഴ്ച ഓര്‍മ്മയിലെ ദേവധാര്‍ എന്ന വിഷയത്തില്‍ പൂര്‍വ വിദ്യാര്‍ത്ഥികളായ ചിത്രകാരന്മാര്‍ ക്യാമ്പസില്‍ ചിത്രരചന നടത്തുന്ന അതേസമയം പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ മറ്റു കലാകാരന്മാര്‍ പഴയ സ്‌കൂള്‍ പ്രാര്‍ത്ഥന ഗാനങ്ങളും, ലളിതഗാനങ്ങളും, പാട്ടും, അഭിനയവുമായി അണിനിരക്കും. ഒരു മണിക്കൂറിലേറെ നീണ്ടു നില്‍ക്കുന്ന അന്താക്ഷരി മത്സരവും പരിപാടിയുടെ മുഖ്യ ആകര്‍ഷണമാണ്.
കേരള പ്രവാസി കമ്മീഷന്‍ അംഗവും പൂര്‍വവിദ്യാര്‍ഥിയുമായ ആസാദ് മൂപ്പന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. കേരള ഫോക് ലോര്‍ അക്കാദമി അംഗത്വം ലഭിച്ച പൂര്‍വവിദ്യാര്‍ഥി ഗായകന്‍ ഫിറോസ് ബാബുവിനെ ചടങ്ങില്‍ ആദരിക്കും.




