Section

malabari-logo-mobile

ഡെങ്കിപ്പനി പ്രതിരോധത്തില്‍ ഏറ്റവും പ്രധാനം ഉറവിട നശീകരണം: മന്ത്രി വീണാ ജോര്‍ജ്

HIGHLIGHTS : Source destruction is the most important factor in dengue prevention: Minister Veena George

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പ്രത്യേകിച്ചും ഡെങ്കിപ്പനിയ്ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണം. ഡെങ്കിപ്പനി പ്രതിരോധത്തില്‍ ഏറ്റവും പ്രധാനമാണ് കൊതുകിന്റെ ഉറവിട നശീകരണം. മേയ് 16ന് ദേശീയ ഡെങ്കിപ്പനി ദിനമാണ്. ‘ഡെങ്കിപ്പനി പ്രതിരോധിക്കാന്‍ നമുക്ക് കൈകോര്‍ക്കാം’ എന്നതാണ് ഈ വര്‍ഷത്തെ ഡെങ്കിപ്പനിദിന സന്ദേശം. ഡെങ്കിപ്പനിയുടെ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി ഉടന്‍ തന്നെ ഡോക്ടറുടെ നിര്‍ദേശപ്രകാരം ചികിത്സ തേടേണ്ടതാണ്. നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും, രോഗം വഷളാകുന്നതും മരണവും തടയാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

എന്താണ് ഡെങ്കിപ്പനി

sameeksha-malabarinews

ഒരു വൈറല്‍ രോഗമാണ് ഡെങ്കിപ്പനി. ശുദ്ധജലത്തില്‍ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പകര്‍ത്തുന്നത്. ഈഡിസ് കൊതുകുകള്‍ സാധാരണയായി പകല്‍ സമയത്താണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തില്‍ പ്രവേശിച്ച് 3 മുതല്‍ 14 ദിവസങ്ങള്‍ക്കുള്ളില്‍ മനുഷ്യരില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നു.

രോഗ ലക്ഷണങ്ങള്‍

പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകള്‍ക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകള്‍, ഓക്കാനവും ഛര്‍ദ്ദിയും എന്നിവയാണ് ആരംഭത്തില്‍ കാണുന്ന ലക്ഷണങ്ങള്‍.

അപകട സൂചനകള്‍

പനി കുറയുമ്പോള്‍ താഴെപ്പറയുന്ന അപകട സൂചനകള്‍ ഉണ്ടാകുന്നുവെങ്കില്‍ എത്രയും വേഗം രോഗിയെ വിദഗ്ധ ചികിത്സ ലഭ്യമാകുന്ന ആശുപത്രിയില്‍ എത്തിക്കുക.

· തുടര്‍ച്ചയായ ഛര്‍ദ്ദി, വയറുവേദന, ഏതെങ്കിലും ശരീര ഭാഗത്തു നിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നു തടിക്കല്‍, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലിയ തോതിലുള്ള തളര്‍ച്ച, ശ്വസിക്കാന്‍ പ്രയാസം, രക്തസമ്മര്‍ദ്ദം വല്ലാതെ താഴുന്ന അവസ്ഥ, കുട്ടികളില്‍ തുടര്‍ച്ചയായ കരച്ചില്‍.
· പ്രായാധിക്യമുള്ളവര്‍, ഒരു വയസിനു താഴെയുള്ള കുട്ടികള്‍, പ്രമേഹം, രക്താതിമര്‍ദം, ഹൃദ്രോഗം, അര്‍ബുദം മുതലായ രോഗങ്ങളുള്ളവര്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരില്‍ ഡെങ്കിപ്പനിയെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്.

ചികിത്സ വളരെ പ്രധാനം

എത്രയും വേഗം ചികിത്സ ലഭ്യമാക്കുകയാണ് പ്രധാനം. രോഗബാധിതര്‍ സമ്പൂര്‍ണ വിശ്രമം എടുക്കേണ്ടതാണ്. പനി മാറിയാലും മൂന്നു നാലു ദിവസം കൂടി ശ്രദ്ധിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, പഴച്ചാറുകള്‍, മറ്റു പാനീയങ്ങള്‍ എന്നിവ ധാരാളം കുടിക്കണം. പനി ബാധിച്ചവര്‍ വിശ്രമിക്കുന്നതും, ഉറങ്ങുന്നതും കൊതുകു വലക്കുള്ളില്‍ ആയിരിക്കണം. ഡെങ്കിപ്പനി ബാധിതര്‍ കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത് മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് തടയാന്‍ സഹായിക്കും.

പ്രതിരോധ മാര്‍ഗങ്ങള്‍

കൊതുക് വളരാതിരിക്കാന്‍ ഒരു തുള്ളി വെള്ളം പോലും കെട്ടി നിര്‍ത്തരുത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഡെങ്കിപ്പനി കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളിലെ വീടുകളിലേയും സ്ഥാപനങ്ങളിലേയും അകത്ത് കൂത്താടികളുടെ സാന്നിധ്യം വളരെയധികം കണ്ടിരുന്നു. ഉപയോഗശൂന്യമായ ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങള്‍, ദ്രവിക്കാത്ത മാലിന്യങ്ങള്‍, ഉപയോഗമില്ലാത്ത ടയറുകള്‍, ബക്കറ്റുകള്‍ മുതലായ പറമ്പില്‍ അലക്ഷ്യമായിക്കിടക്കുന്ന വസ്തുക്കള്‍ ആഴ്ചയിലൊരിക്കല്‍ നീക്കം ചെയ്ത് സുരക്ഷിതമായി സംസ്‌ക്കരിക്കുക.

ഫ്രിഡ്ജിനു പുറകിലെ ട്രേ, ചെടിച്ചട്ടികള്‍ക്കടിയിലെ പാത്രം, വാട്ടര്‍ കൂളറുകള്‍, ഫ്ളവര്‍ വേസുകള്‍, വളര്‍ത്തുമൃഗങ്ങള്‍ക്ക് തീറ്റ കൊടുക്കുന്ന പാത്രം മുതലായവയിലെ വെള്ളം ആഴ്ചയില്‍ ഒരിക്കലെങ്കിലും മാറ്റണം.

വെള്ളം അടച്ച് സൂക്ഷിക്കുക. ജലസംഭരണികള്‍ കൊതുക് കടക്കാത്ത രീതിയില്‍ വലയോ, തുണിയോ ഉപയോഗിച്ച് പൂര്‍ണമായി മൂടി വയ്ക്കുക

കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ ഉപയോഗിക്കുക

ശരീരം മൂടുന്ന വിധത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക

ജനലുകളും വാതിലുകളും കൊതുകു കടക്കാതെ അടച്ചിടുക

പകല്‍ ഉറങ്ങുമ്പോള്‍ പോലും കൊതുകുവല ഉപയോഗിക്കുക

ആഴ്ചയിലൊരിക്കല്‍ കൊതുകിന്റെ ഉറവിട നശീകരണം നടത്തി ഡ്രൈ ഡേ ആചരിക്കുക.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!