ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിറം പകര്‍ന്ന് ഡെമോക്രസി വാള്‍

കോഴിക്കോട്:ജനാധിപത്യ പ്രക്രിയയില്‍ ചേര്‍ത്തുനിര്‍ത്തലിന്റെ സന്ദേശം പകര്‍ന്ന് ഡെമോക്രസി വാള്‍. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ലീപ് കേരളയുടെ ഭാഗമായി കോഴിക്കോട് കോര്‍പ്പറേഷന്‍ ഓഫീസ് പഴയ കെട്ടിടത്തോട് ചേര്‍ന്ന മതിലിലാണ് സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ ചേര്‍ന്ന് ജനാധിപത്യത്തിനായി അണിനിരക്കുന്ന ചിത്രം ഒരുക്കിയത്.

ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം, ജില്ലാ സ്വീപ് സെല്‍, ജില്ലാ ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നാഷണല്‍ സര്‍വ്വീസ് സ്‌കീം, ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം (ഡി.സി.ഐ.പി) അംഗങ്ങള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയ ഡെമോക്രസി വാള്‍ ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിറം പകരുന്നതായി. ക്യാമ്പ് പേരാമ്പ്ര കൂട്ടായ്മയിലെ ചിത്രകലാ അധ്യാപകരുടെയും ഇ.എല്‍.സി, എന്‍.എസ്.എസ് വളണ്ടിയര്‍മാരില്‍ നിന്ന് തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികളുടെയും ജില്ലാ കലക്ടറുടെ ഇന്റേണ്‍സിന്റയും ശ്രമഫലമായാണ് ഇതൊരുക്കിയത്.

സമൂഹത്തിന്റെ എല്ലാ തുറകളില്‍ നിന്നുള്ളവരെയും ചേര്‍ത്ത് നിര്‍ത്തി ജനാധിപത്യത്തെ പ്രതിഫലിപ്പിക്കുന്നതിലൂടെ കാര്യക്ഷമമായ ഭരണകൂടങ്ങള്‍ സാധ്യമാക്കുക എന്ന സന്ദേശമാണ് ചിത്രം കൈമാറുന്നത്. ‘ഐ വോട്ട് ഫോര്‍ ഷുവര്‍’ എന്ന ശക്തമായ പ്രമേയത്തിലൂടെ ജനകീയ പങ്കാളിത്തത്തില്‍ സമ്മതിദായക അവകാശം ഉറപ്പാക്കേണ്ട ആവശ്യകതയും ചൂണ്ടിക്കാട്ടുന്നു.

ജില്ലയിലാകെ ഇ.എല്‍.സി, എന്‍.എസ്.എസ് ക്ലബുകളുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ഇലക്ഷന്‍ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വാള്‍ ഒരുക്കിയത്. അസിസ്റ്റന്റ് കലക്ടര്‍ എസ്. മോഹനപ്രിയ വാള്‍ സന്ദര്‍ശിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top