ഡൽഹി സ്ഫോടനം: കേരളത്തിലടക്കം രാജ്യത്തുടനീളം അതീവ ജാ​ഗ്രത

രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തെ തുടർന്ന് ദില്ലിയിൽ അതീവ ജാ​​ഗ്രത നിർദേശം പുറപ്പെടുവിച്ചു. അയല്‍സംസ്ഥാനങ്ങളിലും കനത്ത ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഡിജിപിയാണ് നിർദേശം നൽകിയത്. പൊലീസ് പട്രോളിംഗ് ശക്തിപ്പെടുത്താനും തിരക്കുള്ള സ്ഥലങ്ങളിൽ ശക്തമായ പട്രോളിംഗ് വേണമെന്നും ക്രമസമാധാനച്ചുമതലയുള്ള എഡിജിപിക്ക് ഡിജിപി നിർദേശം നൽകി. ആരാധനാലയങ്ങളിലും ആളുകൾ കൂടുന്ന സ്ഥലങ്ങളിലും ജാഗ്രത വേണം. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പരിശോധന വേണം. ജില്ലാ പൊലീസ് മേധാവിമാർ ഇത് നടപ്പിലാക്കണമെന്നും ഡിജിപി നിർദേശിച്ചിട്ടുണ്ട്. സംശയാസ്പദമായി എന്തെങ്കിലും കണ്ടാൽ 112ൽ വിളിക്കണമെന്ന് പൊലീസ് അറിയിച്ചു.

സ്ഫോടനത്തിൽ 10 പേർ മരിച്ചതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമായാണ് സ്ഫോടനം ഉണ്ടായത്. നിരവധി വാഹനങ്ങൾക്ക് തീപിടിച്ചു. ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഒന്നാം നമ്പർ ഗേറ്റിന്റെ അടുത്തായാണ് സ്ഫോടനം ഉണ്ടായത്. രണ്ടു കാറുകള്‍ പൊട്ടിത്തെറിച്ചെന്നാണ് സൂചന. വൈകിട്ട് 6.55ഓടെയാണ് സ്ഫോടനം ഉണ്ടായത്. ഐഇഡി ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

അതീവ സുരക്ഷാ മേഖലയിലാണ് സ്ഫോടനം ഉണ്ടായത്. 30ലധികം പേർക്ക് പരിക്കേറ്റതായാണ് ലഭിക്കുന്ന വിവരങ്ങൾ. ഇതില്‍ ആറ് പേരുടെ നില ഗുരുതരമാണ്. അഞ്ച് ഫയർ എൻജിനുകൾ എത്തിച്ചേർന്നാണ് തീയണച്ചത്. ദില്ലി പൊലീസിന്‍റെ സ്പെഷ്യല്‍ സെല്ലും എൻഎസ്ജി ബോംബ് സ്ക്വാഡും സ്ഥലത്തെത്തി. സ്ഫോടനത്തിന് പിന്നിൽ എന്താണ് കാരണമെന്ന് വ്യക്തമല്ല. അട്ടിമറിയുണ്ടോ എന്ന സംശയമാണ് പൊലീസ് പരിശോധിക്കുന്നത്. ദില്ലിയില്‍ സെപ്ഷ്യൽ സെല്ലിന്‍റെ നേതൃത്വത്തില്‍ പരിശോധന നടത്തിവരികയാണ്. എയര്‍പോര്‍ട്ടുകളിലടക്കം കനത്ത ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top