
തിരൂരങ്ങാടി : തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ നിർദിഷ്ട പതിനാറുങ്ങൽ വെന്നിയൂർ ബൈപ്പാസ് നിർമ്മാണത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുമ്പോൾ ഏറ്റെടുക്കുന്ന ഭൂമിയുടെയും, ബാധിക്കുന്ന കെട്ടിടങ്ങളുടെയും, വീടുകളുടെയും ഉടമകൾക്ക് ദേശീയപാത നിർമ്മാണത്തിൽ ലഭ്യമാക്കിയ നിരക്കിൽ നഷ്ടപരിഹാരം നൽകുന്നതിന് തീരുമാനമായി. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തിരൂരങ്ങാടി നിയോജകമണ്ഡലം എംഎൽഎ കെ പി എ മജീദ് മായും, നഗരസഭ അധികൃതരുമായും ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്. നേരത്തെ പി. കെ അബ്ദു റബ്ബ് സമയത്താണ് നൂറുകോടി രൂപ അനുവദിച്ചുകൊണ്ട് തിരൂരങ്ങാടി മണ്ഡലത്തിലെ പതിനാറുങ്ങൽ പൂക്കിപ്പറമ്പ് ബൈപ്പാസ് പദ്ധതി സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചത്. എന്നാൽ പദ്ധതി കടന്നുപോകുന്ന തെന്നല പഞ്ചായത്തിലെ പ്രദേശങ്ങളിൽ ഭൂമി ലഭിക്കുന്നതിന് തടസ്സം നേരിട്ടതിനാൽ, ഈ പദ്ധതിയുടെ അലൈൻമെന്റിൽ മാറ്റം വരുത്തി തിരൂരങ്ങാടി നഗരസഭയിലെ പതിനാറുങ്ങളിൽ നിന്നും ആരംഭിച്ച് ദേശീയപാതയിലെ വെന്നിയൂരിൽ അവസാനിക്കുന്ന രൂപത്തിൽ പുതിയ അലൈൻമെന്റിന് അനുമതി ലഭ്യമാക്കുകയായിരുന്നു. ഈ പദ്ധതിക്ക് 100 കോടി രൂപയുടെ ഭരണാനുവതി ഉത്തരവ് നേരത്തെ ലഭ്യമാക്കിയിട്ടുണ്ട്.
പുതിയ അലൈൻമെന്റ് പ്രകാരമുള്ള ഡിപിആർ തയ്യാറാക്കി, പദ്ധതിയുടെ നിർവഹണ ചാർജുള്ള പൊതുമരാമത്ത് വകുപ്പ് ന്റെ വിഭാഗമായ റോഡ്സ് ഫണ്ട് ബോർഡ് (KRFB) പ്രൈവറ്റ് ലിമിറ്റഡ് കിഫ്ബി ബോർഡിന്റെ അംഗീകാരത്തിനായി സമർപ്പിക്കും. കിഫ്‌ബി ബോർഡിന്റെ അംഗീകാരം ലഭ്യമാകുന്ന മുറക്ക് പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പ്രവർത്തി ആരംഭിക്കാനാകും. നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കെ പി എ മജീദ് എംഎൽഎ അറിയിച്ചു.
ചർച്ചയിൽ കെപിഎ മജീദ് എംഎൽഎ, ചെയർമാൻ കെ പി മുഹമ്മദ് കുട്ടി, തിരൂരങ്ങാടി വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, ആരോഗ്യ വിഭാഗം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി പി ഇസ്മായിൽ, എം അബ്ദുറഹ്മാൻ കുട്ടി, കേരള റോഡ് ഫണ്ട് ബോർഡ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ രാജേഷ് ആർ, കേരള റോഡ് ഫണ്ട് ബോർഡ് അസിസ്റ്റന്റ് എൻജിനീയർ ഇർഫാൻ, മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനീയർ വിഷ്ണു, ടി. കെ നാസർ, കേരള റോഡ് ഫണ്ട് ബോർഡ് ഓവർസിയർ ഷുഹൈബ് പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



