കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങി. ചികിത്സയിലായിരുന്ന മലയാറ്റൂര്‍ സ്വദേശിനി സാലി പ്രദീപന്‍ (45) ആണ് മരിച്ചത്. ഇതോടെ കളമശ്ശേരി സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. നേരത്തെ സ്‌ഫോടനത്തില്‍ മരിച്ച 12വയസുകാരി ലിബ്‌നയുടെ അമ്മയാണ് ഇന്നലെ രാത്രി മരണത്തിന് കീഴടങ്ങിയ സാലി പ്രദീപന്‍. സ്‌ഫോടനം നടന്നശേഷം അതീവ ഗുരുതരാവസ്ഥയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സാലി. ഇവരുടെ മകന്‍ പ്രവീണ്‍ അതീവ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അമ്മയും സഹോദരിയും മരണത്തിന് കീഴടങ്ങിയതറിയാതെയാണ് പ്രവീണ്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നത്. സാലിയുടെ മൂത്ത മകന്‍ രാഹുലും ആശുപത്രിയില്‍ ചികിത്സയിലാണ്.
കളമശ്ശേരി സ്‌ഫോടനത്തില്‍ മരിച്ച ഇവരുടെ മകള്‍ 12 വയസുകാരി ലിബ്‌നയുടെ സംസ്‌കാര ചടങ്ങുകള്‍ ഇക്കഴിഞ്ഞ നാലിനാണ് നടന്നത്. 95 ശതമാനം പൊള്ളലേറ്റ ലിബ്‌ന സ്‌ഫോടനം നടന്ന ദിവസം രാത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്.
സാലിയും മക്കളായ ലിബ്‌ന, പ്രവീണ്‍, രാഹുല്‍ എന്നിവര്‍ ഒന്നിച്ചാണ് കളമശ്ശേരിയില്‍ യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തിന് എത്തിയത്. സംഭവത്തില്‍ നാലു പേര്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ലിബ്‌നയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



