
കാഠ്മണ്ഡു: നേപ്പാളില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ നിരോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയുള്ള പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. ഇതുവരെ ലഭിച്ച കണക്കുകള്‍ പ്രകാരം, ഈ ജെന്‍സി പ്രക്ഷോഭത്തില്‍ മരണം 16 ആയി. നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഫേസ്ബുക്ക്, യൂട്യൂബ്, എക്‌സ് എന്നിവയുള്‍പ്പെടെ 26 സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ നിരോധിക്കാനുള്ള കെപി ശര്‍മ്മ ഒലി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ നേപ്പാളിലെ പതിനായിരക്കണക്കിന് യുവാക്കള്‍ തെരുവിലിറങ്ങി.
തലസ്ഥാനമായ കാഠ്മണ്ഡുവില്‍ ആരംഭിച്ച പ്രതിഷേധങ്ങള്‍ രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. ബനേശ്വര്‍, സിംഗദുര്‍ബാര്‍, നാരായണ്‍ഹിതി എന്നിവയുള്‍പ്പെടെ നിരവധി പ്രദേശങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധക്കാര്‍ക്ക് നേരെ റബ്ബര്‍ ബുള്ളറ്റുകളും കണ്ണീര്‍വാതക ഷെല്ലുകളും പ്രയോഗിച്ച് പ്രതിരോധം കടുപ്പിക്കുകയാണ് പൊലീസ്. സ്ഥിതി അക്രമാസക്തമായതിനെത്തുടര്‍ന്ന് ന്യൂ ബനേഷ്വറില്‍ സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധങ്ങള്‍ കൊടുമ്പിരി കൊണ്ടതോടെ, നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലി വൈകുന്നേരത്തോടെ പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചു.
നേപ്പാള്‍ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യാത്തതിനെ തുടര്‍ന്ന് ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ സൈറ്റുകള്‍ക്ക് രാജ്യം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഗവണ്‍മെന്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സോഷ്യല്‍ മീഡിയ ഭീമന്മാര്‍ക്ക് ഓഗസ്റ്റ് 28 മുതല്‍ ഒരാഴ്ച സമയം നല്‍കിയതായി പുറത്ത് വിട്ട നോട്ടീസില്‍ പറയുന്നു. എന്നാല്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ്പ് എന്നിവയടങ്ങിയ മെറ്റ, ആല്‍ഫബെറ്റ് (യൂട്യൂബ്), എക്‌സ്, റെഡ്ഡിറ്റ്, ലിങ്ക്ഡ്ഇന്‍ എന്നിവയൊന്നും അവസാന തീയതിക്ക് മുമ്പ് അപേക്ഷകള്‍ സമര്‍പ്പിച്ചിരുന്നില്ല.
കഴിഞ്ഞ വര്‍ഷത്തെ സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് നേപ്പാള്‍ സര്‍ക്കാര്‍ ഈ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. സോഷ്യല്‍ മീഡിയ ഭീമന്മാരോട് ഒരു കോണ്‍ടാക്റ്റ് പോയിന്റ് സ്ഥാപിക്കാനും ഒരു റെസിഡന്റ് ഗ്രീവന്‍സ് ഹാന്‍ഡ്ലിംഗ് ഓഫീസറെയും കംപ്ലയന്‍സ് ഓഫീസറെയും നാമനിര്‍ദ്ദേശം ചെയ്യാനും ആവശ്യപ്പെട്ടിരുന്നു. ടിക് ടോക്ക്, വൈബര്‍, വിറ്റ്ക്, നിംബസ്, പോപ്പോ ലൈവ് എന്നിവ ഗവണ്‍മെന്റ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവ നേപ്പാളില്‍ ഇപ്പോഴും ഉപയോഗത്തിലുണ്ട്. ടെലിഗ്രാമില്‍ നിന്നും ഗ്ലോബല്‍ ഡയറിയില്‍ നിന്നുമുള്ള അപേക്ഷകള്‍ പരിശോധിച്ചുവരികയാണെന്നും റിപ്പോര്‍ട്ടുകള്‍. എന്നാല്‍, അഴിമതിയും ദുര്‍ഭരണവും മൂടി വെയ്ക്കാനാണ് സോഷ്യല്‍ മീഡിയ നിരോധനമെന്ന് ജെന്‍സികള്‍ പറയുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



