ഇറാന്‍ തുറമുഖ സ്‌ഫോടനത്തില്‍ മരണസംഖ്യ 14 ആയി , ഉന്നതതല അന്വേഷണം

ടെഹ്‌റാന്‍: ഇറാന്റെ ബന്ദര്‍ അബ്ബാസ് തുറമുഖത്തുണ്ടായ വന്‍ സ്‌ഫോടനത്തില്‍ മരണ സംഖ്യ 14 ആയി ഉയര്‍ന്നു. സ്‌ഫോടനത്തില്‍ 750ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. തുറമുഖത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കനത്ത നാശമാണ് ഉണ്ടായത്. സംഭവത്തില്‍ ഇറാന്‍ ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചു.

ബന്ദര്‍ അബ്ബാസ് തുറമുഖത്തിന്റെ ഷഹീദ് റജയി ഭാഗത്താണ് വന്‍ സ്‌ഫോടനമുണ്ടായത്. കണ്ടെയ്‌നര്‍ ചരക്കുനീക്കത്തിനുള്ള ഇറാനിലെ ഏറ്റവും വലിയ തുറമുഖമാണിത്. സംഭവത്തില്‍ ഇറാന്‍ പ്രസിഡന്റ് ആണ് ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടത്.

സ്‌ഫോടനത്തിനുശേഷം തുടരുന്ന തീ കൂടുതല്‍ മേഖലയിലേക്ക് പടരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുകയാണെന്നും പ്രസിഡന്റ് അറിയിച്ചു. നിരവധി പേരാണ് പരിക്കേറ്റ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതിനാല്‍ തന്നെ മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് ആശങ്ക. സ്‌ഫോടനത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല.

കണ്ടെയ്‌നറുകള്‍ക്കുള്ളില്‍ രാസവസ്തുക്കളുണ്ടായിരുന്നുവെന്നും ഇതാണ് സ്‌ഫോടനത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനമെന്ന് ഇറാന്‍ വക്താവ് ഹൊസൈന്‍ സഫാരി വാര്‍ത്താഏജന്‍സിയോട് വ്യക്തമാക്കിയത്. എന്നാല്‍, യഥാര്‍ത്ഥ കാരണം എന്താണെന്ന് ഉറപ്പിക്കാനായിട്ടില്ലെന്നും വക്താവ് പറഞ്ഞു. ഇതിനിടെ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ചതാകാമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

സ്‌ഫോടനത്തിന് പിന്നാലെ ബന്ദര്‍ അബ്ബാസ് തുറമുഖത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിട്ടുണ്ട്. സ്‌ഫോടനത്തില്‍ പ്രദേശത്തെ നിരവധി കെട്ടിടങ്ങള്‍ക്കും സാരമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. വലിയ ഒരു പ്രദേശം മുഴുവന്‍ ഗ്ലാസ് ചില്ലുകളും മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങളും ചിന്നിച്ചിതറിക്കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പരിക്കേറ്റവരുടെ രക്ഷാപ്രവര്‍ത്തനം ഏറെക്കുറെ പൂര്‍ത്തിയായതായാണ് വിവരം. ഇവരെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Share news
error: Content is protected !!
Scroll to Top