
കാബൂള്‍: അഫ്ഗാനിസ്ഥാന്റെ കിഴക്കന്‍ മേഖലയെ ഉലച്ച അതിശക്തമായ ഭൂകമ്പത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. ഇതുവരെ 1411 മരണം സ്ഥിരീകരിച്ചു. ഒട്ടേറെപ്പേര്‍ അവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഉയരാനാണ് സാധ്യത. അതിനിടെ ആശങ്ക കനപ്പിച്ച് അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭൂകമ്പമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം ജലാലാബാദിന് 34 കിലോമീറ്റര്‍ അകലെയാണ്.
ഹിന്ദുകുഷ് പര്‍വത മേഖലയില്‍ പാക് അതിര്‍ത്തിയോട് ചേര്‍ന്ന കുനാര്‍, നംഗര്‍ഹര്‍ പ്രവിശ്യകളെയാണ് ഞായറാഴ്ച രാത്രിയുണ്ടായ ഭൂകന്പം രൂക്ഷമായി ബാധിച്ചത്. ഒട്ടേറെ ഗ്രാമങ്ങള്‍ പൂര്‍ണമായും തകര്‍ന്നടിഞ്ഞു. എന്നാല്‍ നാശനഷ്ടമുണ്ടായ വിദൂരങ്ങളിലുള്ള ഒറ്റപ്പെട്ടുകിടക്കുന്ന മലമ്പ്രദേശങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇപ്പോഴും എത്താനായിട്ടില്ല. ഭൂകമ്പത്തിന് പിന്നാലെ ഈ മേഖലകളില്‍ കനത്ത മഴയുണ്ടായതും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. മണ്ണിടിച്ചില്‍ ഭീഷണിയും നേരിടുന്നുണ്ട്. ഇതുവരെ 40 സൈനിക വിമാനങ്ങളിലും ഹെലികോപ്റ്ററുകളിലുമായി പരിക്കേറ്റവരും മരിച്ചവരും ഉള്‍പ്പെടെ 420 പേരെ ദുരന്തബാധിത മേഖലകളില്‍നിന്ന് കൊണ്ടു വന്നതായി അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
വിദേശസഹായങ്ങളടക്കം കുറഞ്ഞതോടെ വന്‍ പ്രതിസന്ധി നേരിടുന്ന താലിബാന്‍ ഭരണകൂടത്തെ കഴിഞ്ഞ ദിവസത്തെ ഭൂകമ്പം കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നാണ് വിലയിരുത്തല്‍. ഡോക്ടര്‍മാരില്ലാതെയും ആശുപത്രികള്‍ ഇല്ലാതെയും അഫ്ഗാന്‍ ജനത ഭൂകമ്പത്തിന് മുന്നില്‍ പകച്ചുനില്‍ക്കുകയാണ്. സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യയും ചൈനയും ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. കാബൂളിലേക്ക് ആയിരം ടെന്റുകള്‍ അയച്ചതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. 15 ടണ്‍ ഭക്ഷ്യ വസ്തുക്കളും ഇന്ത്യയില്‍നിന്ന് അഫ്ഗാനിലേക്ക് എത്തിച്ചു. ഇന്ന് മുതല്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂടുതല്‍ സഹായം ഇന്ത്യയില്‍നിന്ന് അയയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അഫ്ഗാനിലെ ആവശ്യങ്ങള്‍ക്കനുസരിച്ച് സഹായം എത്തിക്കാന്‍ തയ്യാറാണെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



