
ധാക്ക: യുവനേതാവ് ഷെരീഫ് ഉസ്മാൻ ഹാദിയുടെ മരണത്തെ തുടർന്ന് ബംഗ്ലാദേശിലുണ്ടായ കലാപം രൂക്ഷമാകുന്നു. പ്രതിഷേധക്കാർ സുരക്ഷാ വേലികൾ തകർത്ത് പാർലമെന്റ് കെട്ടിടത്തിലേക്ക് അതിക്രമിച്ചു കയറി. ഹാദിയുടെ സംസ്കാര ചടങ്ങുകൾക്ക് ശേഷം നടന്ന ഈ സംഭവം രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ കൂടുതൽ വഷളാക്കി.ധാക്കയിൽ നടന്ന ഹാദിയുടെ സംസ്കാര ചടങ്ങിൽ വൻ ജനാവലി പങ്കെടുത്തു. രാജ്യത്ത് വ്യാപകമായ പ്രതിഷേധങ്ങൾക്ക് ഹാദിയുടെ മരണം വഴിവെച്ചതിനെ തുടർന്ന് പ്രധാന സർക്കാർ സ്ഥാപനങ്ങൾക്ക് ചുറ്റും സുരക്ഷ ശക്തമാക്കിയിരുന്നു.
ഡിസംബർ 12ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖംമൂടി ധരിച്ച തോക്കുധാരികളാണ് ഹാദിയെ വെടിവെച്ചത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ വിദേശത്ത് ചികിത്സയ്ക്ക് കൊണ്ടുപോയെങ്കിലും വ്യാഴാഴ്ച സിങ്കപ്പൂരിൽ വെച്ച് മരണം സംഭവിച്ചു.
ഹാദിയുടെ കൊലപാതകത്തെ തുടർന്ന് ധാക്കയിൽ വലിയ തോതിലുള്ള പ്രകടനങ്ങൾ നടന്നു. ആയിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്. ഈ പ്രതിഷേധങ്ങൾ തലസ്ഥാനം വിട്ട് മറ്റ് നഗരങ്ങളിലേക്കും പ്രദേശങ്ങളിലേക്കും വ്യാപിച്ചു. പ്രതിഷേധക്കാർ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിലേക്ക് മാർച്ച് നടത്താനും മുൻ ഭരണകക്ഷിയായ അവാമി ലീഗുമായി ബന്ധപ്പെട്ട സ്വത്തുക്കൾ നശിപ്പിക്കാനും ശ്രമിച്ചു. മാധ്യമ സ്ഥാപനങ്ങളടക്കം ആക്രമണത്തിനിരയായി.രാജ്ശാഹി, ഖുൽന, ഛത്തോഗ്രാം എന്നിവിടങ്ങളിലെ ഇന്ത്യൻ കോൺസുലേറ്റുകൾക്ക് നേരെ ആക്രമണമുണ്ടായി. ഛത്തോഗ്രാമിൽ അസിസ്റ്റന്റ് ഹൈക്കകമ്മിഷന് നേർക്കും കല്ലേറുണ്ടായി. തുടർന്ന് രാജ്ശാഹിയിലും ഖുൽനയിലുമുള്ള വിസാ അപേക്ഷാകേന്ദ്രങ്ങൾ തൽക്കാലത്തേക്ക് അടച്ചിടേണ്ടി വന്നു.എത്രയുംവേഗം മുൻ പ്രധാനമന്ത്രി ഷേക്ക് ഹസീനയെ ഇന്ത്യ വിട്ടുകൊടുക്കണമെന്ന് കലാപകാരികൾ ആവശ്യപ്പെടുന്നു. മൈമൻസിംഗ് നഗരത്തിൽ ദീപു ചന്ദ്രദാസ് എന്ന 25-കാരനെ മതനിന്ദ ആരോപിച്ച് ജനക്കൂട്ടം തല്ലിക്കൊന്നു, മരത്തിൽ കെട്ടിത്തൂക്കിയിട്ട് തീകൊളുത്തി. അതിന്റെ വിഡിയോദൃശ്യങ്ങൾ ഇന്ത്യയിൽ കടുത്ത പ്രതിഷേധത്തിനു വഴിവെച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ധാക്കയിൽ നൂറുകണക്കിന് പ്രതിഷേധക്കാർ ഇന്ത്യൻ നയതന്ത്ര സ്ഥാപനങ്ങൾക്ക് സമീപം ഒത്തുകൂടി. ഇതിൽ ഇന്ത്യയുടെ ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ വസതിയും ഉൾപ്പെടുന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. കഴിഞ്ഞ വർഷത്തെ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ സ്റ്റുഡന്റ്സ് എഗെയ്ൻസ്റ്റ് ഡിസ്ക്രിമിനേഷൻ (SAD) എന്ന സംഘടനയുടെ പ്രധാന വിഭാഗമായ നാഷണൽ സിറ്റിസൺ പാർട്ടി (NCP)യുടെ പിന്തുണക്കാരും റാലികളിൽ പങ്കെടുത്തു.
പ്രതിഷേധക്കാർ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി. ഹാദിയുടെ കൊലപാതകികളായ പ്രതികൾ ഇന്ത്യയിലേക്ക് രക്ഷപ്പെട്ടതായി അവർ ആരോപിച്ചു. ഹാദിയുടെ കൊലപാതകത്തിൽ പങ്കുള്ളവരെ കൈമാറുന്നത് വരെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്ന് പ്രതിഷേധ നേതാക്കൾ ഇടക്കാല സർക്കാരിനോട് ആവശ്യപ്പെട്ടു. ഹാദിയുടെ കൊലപാതകത്തെക്കുറിച്ചും സുരക്ഷാ വീഴ്ചയെക്കുറിച്ചും അന്വേഷണം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




