ഡോ എം ലീലാവതിക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ അപലപനീയം: വനിതാ കമ്മീഷന്‍ അധ്യക്ഷ

പ്രഗത്ഭ എഴുത്തുകാരി ഡോ എം ലീലാവതിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ അങ്ങേയറ്റം അപലപനീയമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. എറണാകുളം വൈ എം സി എ ഹാളില്‍ നടന്ന കമ്മീഷന്‍ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. കേരളം ആദരിക്കുന്ന പ്രശസ്ത നിരൂപകയും എഴുത്തുകാരിയുമായ ടീച്ചറെ അധിക്ഷേപിക്കുന്നത് വേദനാജനനകമാണ്. പ്രായം പോലും കണക്കിലെടുക്കാതെയാണ് ആക്രമിക്കുക്കുന്നതെന്നും കേരളീയ സമൂഹം ഇതിനെതിരെ പ്രതികരിക്കേണ്ടതുണ്ടെന്നും അധ്യക്ഷ പറഞ്ഞു. ചാനലുകളിലൂടെയും സോഷ്യല്‍ മീഡിയവഴിയും സ്ത്രീകളെ നിരന്തരം അധിക്ഷേപങ്ങള്‍ക്ക് വിധേയമാക്കുന്നത് അടുത്തിടെയായി വര്‍ധിച്ചുവരികയാണ്. ഇത്തരത്തില്‍ അധിക്ഷേപിക്കപ്പെട്ട സിനിമ നടി പൊലീസിന് പരാതി നല്‍കിയത് മറ്റുള്ളവര്‍ക്ക് പ്രചോദനമാകും. ഈ പരാതിയില്‍ നടപടി സ്വീകരിച്ചുവരിയാണെന്ന പോലീസ് റിപ്പോര്‍ട്ട് കമ്മീഷന് ലഭിച്ചിട്ടുണ്ടെന്നും അധ്യക്ഷ അറിയിച്ചു.

സ്ത്രീകള്‍ക്കെതിരെയുള്ള അധിക്ഷേപങ്ങള്‍ പലരൂപത്തിലാണ് ഉണ്ടാകുന്നത്. ഈ സാഹചര്യത്തില്‍ വനിതാ കമ്മീഷന്റെ മീഡിയ മോണിറ്ററിങ് സെല്‍ പ്രവര്‍ത്തനം ശക്തപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വത്തോടെ തൊഴില്‍ ചെയ്യാന്‍ സാഹചര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ 2013 ല്‍ നിലവില്‍ വന്ന പോഷ് ആക്ട് (പ്രൊട്ടക്ഷന്‍ ഓഫ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് ഇന്‍ വര്‍ക്ക്‌പ്ലെയ്‌സ്) അനുശാസിക്കുന്ന പ്രശ്‌ന പരിഹാര സംവിധാനം (ഇന്റേണല്‍ കമ്മിറ്റി) കാര്യക്ഷമമാക്കണം. പല സ്ഥാപനങ്ങളിലും ഇത്തരം ഇന്റേണല്‍ കമ്മിറ്റികളുടെ ഘടന, നിയമം അനുശാസിക്കുന്ന രീതിയിലല്ല. ഇത്തരം കമ്മിറ്റികള്‍ സ്ഥാപനങ്ങളില്‍ ഉള്ളതായി തൊഴില്‍ ചെയ്യുന്നവര്‍ക്ക് പോലും അറിവില്ല. ഇത് സംബന്ധിച്ച പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബാങ്കിംഗ് സ്ഥാപനങ്ങളിലും നിലവില്‍ പരിശോധന നടന്നു വരികയാണ്.

വഴിത്തര്‍ക്കം, സ്വത്തുതര്‍ക്കം എന്നീ വിഷയങ്ങളില്‍ ഇടപെടാന്‍ കമ്മീഷന് നിയമപരമായി അധികാരമില്ല. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്ത്രീകളുടെ അഭിമാനത്തിന് കോട്ടം വരുന്ന പ്രവൃത്തികള്‍, സ്ത്രീകളെ മോശമായി ചിത്രീകരിക്കുക എന്നിവ ഉണ്ടായാല്‍ കമ്മീഷന്‍ ശക്തമായി ഇടപെടും. വാര്‍ഡ് തലങ്ങളിലുള്ള ജാഗ്രത സമിതികള്‍ കൂടുതല്‍ സജീവമാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന എറണാകുളം ജില്ലാ അദാലത്തില്‍ ആകെ 160 പരാതികളാണ് പരിഗണിച്ചത്. 36 എണ്ണം പരിഹരിച്ചു. 12 എണ്ണത്തില്‍ വിവിധ ഏജന്‍സികളുടെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. മറ്റുള്ളവ അടുത്ത അദാലത്തില്‍ പരിഗണിക്കും. അംഗങ്ങളായ അഡ്വ. കുഞ്ഞായിഷ, അഡ്വ. എലിസബത്ത് മാമന്‍ മത്തായി, അഡ്വ. മഹിളാ മണി, അഡ്വ ഇന്ദിര രവീന്ദ്രന്‍, ഡയറക്ടര്‍ ഷാജി സുഗുണന്‍, പാനല്‍ അഭിഭാഷകരായ അഡ്വ. രാജേഷ്, അഡ്വ. സ്മിതാ ഗോപി, അഡ്വ. അമ്പിളി എന്നിവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top