പ്രസവത്തിനിടെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ കുഞ്ഞ് മരണപ്പെട്ടു; വേദന പങ്കുവച്ച് താരം

ഇരട്ടക്കുട്ടികളിലെ ആണ്‍കുഞ്ഞ് പ്രസവത്തിനിടെ മരിച്ചെന്ന വേദനാ ജനകമായ വാര്‍ത്ത മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ പങ്കുവച്ചു. ഇരട്ടക്കുട്ടികളിലെ പെണ്‍കുട്ടിയെ മാത്രമാണ് രക്ഷിക്കാനായതെന്ന് താരം ട്വിറ്ററിലൂടെ വ്യക്തമാക്കി. ലോക ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങളിലൊരാളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ട്വിറ്ററിലൂടെ പങ്കുവച്ച വാര്‍ത്ത ആരാധകര്‍ക്കെല്ലാം വേദനയുണ്ടാക്കുന്നതാണ്.

‘ഞങ്ങളുടെ മകന്‍ മരിച്ചവിവരം അഗാധമായ ദുഃഖത്തോടെ അറിയിക്കുന്നു, ഏതൊരു മാതാപിതാക്കള്‍ക്കും ഏറ്റവും വലിയ വേദനയാണിത്, ഞങ്ങളുടെ പെണ്‍കുട്ടിയുടെ ജനനമാണ് ഈ നിമിഷത്തില്‍ ഞങ്ങള്‍ക്ക് ജീവിക്കാനുള്ള ശക്തി നല്‍കുന്നത്, ഡോക്ടര്‍മാരോടും നഴ്സുമാരോടും അവരുടെ സേവനത്തിനും കരുതലിനുമുള്ള നന്ദി അറിയിക്കുന്നു, ഈ നഷ്ടത്തില്‍ ഞങ്ങളെല്ലാവരും തകര്‍ന്നിരിക്കുകയാണ്, ഈ പ്രയാസമേറിയ സമയത്ത് സ്വകാര്യതയാണ് ഞങ്ങള്‍ക്ക് വേണ്ടത്, പ്രിയപ്പെട്ട മകനേ, നീ ഞങ്ങളുടെ മാലാഖയായിരുന്നു, ഞങ്ങള്‍ എപ്പോഴും നിന്നോടൊപ്പമുണ്ട്, ഒരുപാട് സ്‌നേഹവുമുണ്ട്- ക്രിസ്റ്റ്യാനോ ട്വീറ്റിലൂടെ കുറിച്ചു.

പങ്കാളിയായ ജോര്‍ജിന റോഡ്രിഗസ് ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിച്ചതായി കഴിഞ്ഞ ഒക്ടോബറില്‍ ക്രിസ്റ്റിയാനോ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ക്രിസ്റ്റിയാനോ ജൂനിയര്‍, മരിയ, മാതിയോ, അലാന മാര്‍ട്ടിന എന്നിവരാണ് ക്രിസ്റ്റിയാനോയുടെ മറ്റു മക്കള്‍.

Share news
error: Content is protected !!
Scroll to Top