HIGHLIGHTS : CPI (M) Payyannur Area Committee meeting today; New figures may be introduced

പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഓഫീസ് കെട്ടിട നിര്‍മാണ ഫണ്ട്, ധന്‍രാജ് രക്തസാക്ഷി ഫണ്ട്, നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട് എന്നിവ സംബന്ധിച്ച പുതിയ കണക്ക് യോഗത്തില്‍ നേതൃത്വം അവതരിപ്പിച്ചേക്കും. നേരത്തെ അവതരിപ്പിച്ച കണക്കില്‍ വ്യക്തത കുറവുണ്ടെന്ന് ഒരു വിഭാഗം നിലപാടെടുത്ത നിലയ്ക്ക് പുതിയ കണക്ക് അവതരിപ്പിക്കുന്നത്.
പയ്യന്നൂരില്‍ പാര്‍ട്ടി ഫണ്ടുകളില്‍ ഒരു കോടിയോളം രൂപയുടെ തിരിമറി നടന്നു എന്ന് തെളിവ് സഹിതമുള്ള പരാതിയാണ് ജില്ലാ കമ്മിറ്റിക്ക് കിട്ടിയിരുന്നത്. അന്വേഷണത്തിന് ശേഷം ആരോപണവിധേനായ പയ്യന്നൂര്‍ എംഎല്‍എ, ടി.ഐ.മധുസൂധനനെ പാര്‍ട്ടി തരംതാഴ്ത്തുകയും പരാതി ഉന്നയിച്ച ഏരിയ സെക്രട്ടറി വി.കുഞ്ഞികൃഷ്ണനെ മാറ്റുകയും ചെയ്തു. നടപടി സംബന്ധിച്ച് പയ്യന്നൂര്‍ ഏരിയക്ക് കീഴിലെ 12 ലോക്കലുകളിലും ജനറല്‍ ബോഡി വിളിച്ച് ഒരേസമയം റിപ്പോര്‍ട്ടിംഗും നടത്തി. പാര്‍ട്ടിക്ക് ഒരു രൂപ പോലും നഷ്ടപ്പെട്ടില്ലെന്നും ഫണ്ട് ഓഡിറ്റ് ചെയ്ത് അവതരിപ്പിക്കുന്നതില്‍ നേതാക്കള്‍ക്ക് ജാഗ്രതക്കുറവ് ഉണ്ടായി എന്നുമാണ് നേതാക്കള്‍ വിശദീകരിച്ചത്.

പി. ജയരാജന്‍ പങ്കെടുത്ത കരിവെള്ളൂര്‍ നോര്‍ത്ത് ലോക്കല്‍ ജനറല്‍ ബോഡിയിലും എം.പ്രകാശന്‍ പങ്കെടുത്ത വെള്ളൂരിലും, പണം നഷ്ടപ്പെട്ടില്ല എന്ന് വെറുതെ പറഞ്ഞാല്‍ പോര കണക്ക് ബോധിപ്പിക്കണമെന്ന് അംഗങ്ങളില്‍ ചിലര്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് മൂന്ന് ഫണ്ടുകളുടെയും വിശദമായ വരവ് ചെലവ് കണക്ക് തയ്യാറാക്കി ബ്രാഞ്ച് കമ്മിറ്റികള്‍ വിളിച്ചുചേര്‍ത്ത് അവതരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.