Section

malabari-logo-mobile

60 രാജ്യങ്ങളില്‍ വാക്‌സിന്‍ ക്ഷാമം; റഷ്യയുടെയും ചൈനയുടെയും വാക്‌സിന് ഡബ്ല്യുഎച്ച്ഒ അനുമതി നല്‍കിയേക്കും

HIGHLIGHTS : Vaccine shortage in 60 countries; The WHO may approve vaccines from Russia and China

ലണ്ടന്‍: അറുപതോളം രാജ്യങ്ങളില്‍ വാക്സിന്‍ ക്ഷാമം. ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ എല്ലാ രാജ്യങ്ങള്‍ക്കും വാക്സിന്‍ ലഭ്യമാക്കാന്‍ നടപ്പാക്കിയ കോവാക്സ് പദ്ധതി തടഞ്ഞതാണ് പ്രതിസന്ധിയിലേക്ക് നയിച്ചത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളിലേക്ക് തിങ്കളാഴ്ച മുതല്‍ വാക്‌സിന്‍ അയച്ചിട്ടില്ല. ജൂണ്‍ പകുതിവരെ കോവാക്സ് പദ്ധതിയിലൂടെ വാക്‌സിന്‍ അയക്കാന്‍ കഴിയില്ല. ഇതു ഈ രാജ്യങ്ങളില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കും.

യുണിസെഫിന്റെ കണക്ക്പ്രകാരം കഴിഞ്ഞ രണ്ടാഴ്ചയില്‍ 92 രാജ്യത്തേക്ക് 20 ലക്ഷം ഡോസ് വാക്‌സിന്‍ മാത്രമാണ് അയച്ചിട്ടുള്ളത്. ഇത് ഇക്കാലത്ത് ബ്രിട്ടനില്‍മാത്രം കുത്തിവയ്പ് നടത്തിയതിനു തുല്യമാണ്. ഈ ഞെട്ടിക്കുന്ന അസന്തുലിതാവസ്ഥയ്ക്കെതിരെ ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥാനം തുറന്നടിച്ചു. സമ്പന്ന രാജ്യങ്ങളില്‍ നാലില്‍ ഒരാള്‍ക്ക് ലഭിക്കുമ്പോള്‍ ദരിദ്ര രാജ്യങ്ങളിത് 500ല്‍ ഒരാള്‍ക്കാണെന്ന് അദ്ദേഹം പറഞ്ഞു.

sameeksha-malabarinews

ആവശ്യത്തിന് വാക്‌സിന്‍ ലഭിക്കുന്നില്ലെന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്ത്യ കയറ്റുമതി നിര്‍ത്തിയിരുന്നു. ഇതാണ് ലോകത്തെ ക്ഷാമത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. എല്ലാവര്‍ക്കും വാക്‌സിന്‍ലഭ്യത ഉറപ്പ് വരുത്താന്‍ സമ്പന്ന രാജ്യങ്ങള്‍ 100 ദിവസത്തിനകം 100 ലക്ഷം വാക്‌സിന്‍ നല്‍കാന്‍ ഡബ്ല്യുഎച്ച്ഒ ആവശ്യപ്പെട്ടിരുന്നു. ഇതും ഫലം കണ്ടില്ല.

പല രാജ്യത്തും ആദ്യ ഡോസ് നല്‍കിയവര്‍ക്ക് രണ്ടാം ഡോസ് നല്‍കാന്‍ വാക്സിനില്ലാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തില്‍ റഷ്യയുടെയും ചൈനയുടെയും വാക്സിനുകള്‍ ഉപയോഗിക്കാനാണ് ഡബ്ല്യുഎച്ച്ഒയുടെ നീക്കം. ഏപ്രില്‍ അവസാനത്തോടെ ചൈനീസ് വാക്‌സിന് അനുമതി നല്‍കിയേക്കുമെന്ന് ലോകാരോഗ്യ സംഘടന സൂചന നല്‍കിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!