കരീന കപൂറിന്റെയും അമൃത അറോറയുടെയും വീട് മുംബൈ കോര്‍പറേഷന്‍ സീല്‍ ചെയ്തു. കോവിഡ് സ്ഥിരീകരിച്ചതിനുശേഷവും വിവിധ പാര്‍ട്ടികളില്‍ പങ്കെടുത്തതിന്റെ ഭാഗമായാണ് മുംബൈ കോര്‍പറേഷന്റെ നടപടി.
നടിമാരായ കരീന കപൂറിനും അമൃത അറോറയ്ക്കും കഴിഞ്ഞ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ ഇവര്‍ തങ്ങള്‍ക്ക് കോവിഡ് വന്നത് ഗൗനിക്കാതെ വിവിധ പാര്‍ട്ടികളിലുള്‍പ്പെടെ പങ്കെടുത്തതായി വിവിധമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവരോടൊപ്പം പാര്‍ട്ടികളിലുണ്ടായിരുന്ന മഹീപ് കപൂര്‍, സീമ ഖാന്‍ എന്നിവര്‍ക്കു ഇന്ന് കോവിഡ് പോസ്റ്റീവായി. നടിമാര്‍ സൂപ്പര്‍ സ്‌പ്രെഡര്‍ ആയെന്നാണ് മുംബൈ കോര്‍പറേഷന്‍ വ്യക്തമാക്കിയിരിക്കുന്നത്.
നടിമാരുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമായും എടുക്കണമെന്നും ബിഎംസി അറിയിച്ചു. ഇരുവരുടെയും വീട്ടില്‍ കോര്‍പ്പറേഷനില്‍ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ഇന്ന് കോവിഡ് പരിശോധന നടത്തി.
മലൈക അറോറ, കരിഷ്മ കപൂര്‍, മസബ ഗുപ്ത തുടങ്ങി നിരവധിപേര്‍ ഇവരോടൊപ്പമുണ്ടായിരുന്നു. പാര്‍ട്ടിയില്‍ നിന്നുള്ള ചിത്രങ്ങള്‍ കരീന ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരുന്നു.കരണ്‍ ജോഹര്‍ നടത്തിയ കഭി ഖുശി കബി ഖം റീയൂണിയന്‍ പാര്‍ട്ടിയിലും കരീന പങ്കെടുത്തിരുന്നു. ആലിയ, അര്‍ജുന്‍ കപൂര്‍ അടക്കം നിരവധി താരങ്ങളും ഉണ്ടായിരുന്നു.




