കോവിഡ് വര്‍ധിക്കുന്നു;ആഘോഷങ്ങള്‍ക്കിടയില്‍ ജാഗ്രത പാലിക്കുക;ഡി.എം.ഒ

മലപ്പുറം:കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളും ഹോട്ടലുകളും ഓഫീസുകളും അപ്പാര്‍ട്ട്‌മെന്റ്കളും പൊതു വാഹനങ്ങളും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക നിര്‍ദ്ദേശിച്ചു.

വ്യാപാരസ്ഥാപനങ്ങളും മാളുകളും പൊതുവാഹനങ്ങളും ഓഫീസുകളും ആരാധനാലയങ്ങളും ഇടയ്ക്കിടെ സാനിറ്റൈസ് ചെയ്യുകയും അവിടെ വരുന്നവരോട് കൃത്യമായി മാസ്‌ക് ധരിക്കാനും അകലം പാലിക്കുവാനും നിര്‍ദ്ദേശിക്കുകയും ചെയ്യേണ്ടതാണ്. പൊതു കെട്ടിടങ്ങളിലും മാളുകളിലും ഓഫീസുകളിലും വിസ്താരം കുറഞ്ഞ ലിഫ്റ്റുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ അണുവിമുക്തമാക്കുകയോ കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുകയോ വേണം.

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് കോവിഡ് വ്യാപനം തടയാന്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു. കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായംകൂടിയവര്‍, മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണം.

കോവിഡ് വാക്‌സിന്‍ പൂര്‍ണ ഡോസ് സ്വീകരിക്കാന്‍ ബാക്കിയുള്ളവരും മുന്‍കരുതല്‍ ഡോസ് വാക്‌സിനേഷന് അര്‍ഹതയുള്ളവരും എത്രയും പെട്ടെന്ന് വാക്‌സിന്‍ സ്വീകരിച്ച് പ്രതിരോധം നേടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഓര്‍മിപ്പിച്ചു.

Share news
error: Content is protected !!
Scroll to Top