ക്വാറന്റീന്‍ എവിടെയായലും സമ്പര്‍ക്കം ഒഴിവാക്കണം;മാസ്‌ക് കഴുത്തില്‍ തൂക്കി നടക്കാനുള്ളതല്ല; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതു പ്രതീക്ഷിച്ചിരുന്നതാണെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജി. സംസ്ഥാനത്ത് കൊവിഡ് സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്നറിയാനുള്ള ആന്റി ബോഡി ടെസ്റ്റുകള്‍ ആരംഭിച്ചിട്ടുണ്ട്.

ആദ്യഘട്ടത്തില്‍ പരിശോധന നടത്തുന്നത് പാലക്കാട്, കണ്ണൂര്‍, കസര്‍ഗോട്,മലപ്പുറം, തൃശൂര്‍,തിരുവനന്തപുരം ജില്ലകളിലാണ്. രോഗബാധിതരുടെ എണ്ണവും പ്രവാസികളുടെ മടങ്ങിവരവും കണക്കാക്കിയാണ് ഈ ജില്ലകളില്‍ ആദ്യ ഘട്ടത്തില്‍ പരിശോധന നടത്തുന്നത്. ഈ ജില്ലകളില്‍ ആയിരം ടെസ്റ്റ് കിറ്റുകള്‍ വിതരണം ചെയ്തു. അഞ്ച് കാറ്റഗറികളിലായാണ് പരിശോധന നടക്കുന്നതെന്നും മേല്‍നോട്ടത്തിനായി ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായും ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ പറഞ്ഞു. ആന്റിബോഡി ടെസ്റ്റുകള്‍ നൂറു ശതമാനം ഫലപ്രദമല്ല. കൊവിഡ് സ്ഥിരീകരിക്കുന്നത് പിസിആര്‍ ടെസ്റ്റ് വഴിയാണ്. 50,000 കിറ്റുകള്‍ കൂടി ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അതെസമയം സംസ്ഥാനത്ത് ഹോം ക്വാറന്റൈനാണ് ഫലപ്രദമെന്ന് മന്ത്രി പറഞ്ഞു. പ്രവാസികളെ വീടുകളില്‍ നേരിട്ട് നിരീക്ഷണത്തിലയച്ചതില്‍ തെറ്റില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ബ്രേക്ക് ദ ചെയിന്‍ എന്നത് വെറുതെ പറയുന്നതല്ല. മാസ്‌ക് കൃത്യമായി ധരിക്കണം. ചിലര്‍ മാസ്‌ക് കഴുത്തില്‍ തൂക്കി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സാമൂഹിക അകലം പാലിക്കണം എന്നും മന്ത്രി പറഞ്ഞു. നിലവില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ 10-12 ശതമാനം മാത്രമാണെന്നും മന്ത്രി പറഞ്ഞു.

Share news
error: Content is protected !!
Scroll to Top