കോവിഡ്: എറണാംകുളത്ത് കടുത്ത നിയന്ത്രണങ്ങള്‍; ഒരാഴ്ച ജിമ്മും പാര്‍ക്കും തുറക്കില്ല; ഷൂട്ടിംഗിനും വിലക്ക്

കൊച്ചി: കോവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ഒരാഴ്ചത്തേക്കാണ് നിയന്ത്രണങ്ങള്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. നാലായിരത്തിലേറെ പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്.

നിയന്ത്രണങ്ങളുടെ ഭാഗമായി ജില്ലയിലെ സിനിമാ ഷൂട്ടിംഗുകള്‍ നിര്‍ത്തിവെയ്ക്കണമെന്ന് അറിയിച്ചിട്ടുണ്ട്. തിയേറ്ററുകളും തുറക്കില്ല. രാവിലെ 5 മണി മുതല്‍ രാത്രി 7 മണി വരെ മാത്രമേ കടകള്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. ജിം, അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ തുടങ്ങിയവ അടച്ചിടും.

വിവാഹച്ചടങ്ങുകളില്‍ പരമാവധി 30 പേര്‍ക്കാണ് പങ്കെടുക്കാന്‍ സാധിക്കൂ. മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്ക് പങ്കെടുക്കാം. അടുത്ത ഞായറാഴ്ച വരെയാണ് ജില്ലയില്‍ ഈ കര്‍ശന നിയന്ത്രണമുണ്ടായിരിക്കുക.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,70,558 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,50,993 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 19,565 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3279 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 547 ഹോട്ട് സ്പോട്ടുകളാണുള്ളത്.

 

Share news
error: Content is protected !!
Scroll to Top