പാലക്കാട്: അഭിഭാഷകന്‍ ഹരീഷ് വാസുദേവനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ പരാതിയിലാണ് കോടതിയുടെ ഇടപെടല്‍. പാലക്കാട് മണ്ണാര്‍ക്കാട് എസ്. സി, എസ് ടി സ്പെഷ്യല്‍ കോടതിയാണ് ഹരീഷ് വാസുദേവനെതിരെ നടപടിയെടുക്കാന്‍ ഉത്തരവിട്ടത്.
സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗീക ചുവയോടുകൂടിയ പരാമര്‍ശം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഹരീഷ് വാസുദേവനെതിരെ നടപടിയെടുക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. എസ്.സി, എസ്.ടി ആക്ടിലെ വിവിധ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തലേദിവസം ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായി പോസ്റ്റിട്ടെന്ന് ആരോപിച്ചാണ് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ കോടതിയെ സമീപിച്ചത്. പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്ത പശ്ചാത്തലത്തിലാണ് കോടതിയിലെത്തിയതെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.




