ഇടുക്കി: പുറ്റടിയില്‍ വീടിന് തീകൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ശ്രീധന്യ രവീന്ദ്രനാണ് മരിച്ചത്.
25-ന് പുലര്‍ച്ചെയാണ് ഇവരുടെ വീടിന് ശ്രീധന്യയുടെ പിതാവ് രവീന്ദ്രന്‍ തീകൊളുത്തിയത്. രവീന്ദ്രനും ഭാര്യ ഉഷയും സംഭവസ്ഥലത്ത് വച്ചു തന്നെ മരണപ്പെട്ടിരുന്നു. അപകടത്തില്‍ ശ്രീധന്യയ്ക്ക് 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു.
സംഭവം ആത്മഹത്യയാണെന്ന് തിരിച്ചറിഞ്ഞെങ്കിലും ഭാര്യയെ ഉഷയെ കൊലപ്പെടുത്തിയ ശേഷം രവീന്ദ്രന്‍ വീടിന് തീയിട്ട് ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
പൊള്ളലേറ്റ് പുറത്തേക്ക് ഓടിയ ശ്രീധന്യയുടെ നിലവിളി കേട്ടാണ് സമീപവാസികള്‍ വിവരം അറിയുന്നത്. തുടര്‍ന്ന് നാട്ടൂകാര്‍ പൊലീസിനേയും ഫയര്‍ ഫോഴ്‌സിനേയും വിവരം അറിയിക്കുകയായിരുന്നു. തീയണക്കാനുള്ള ശ്രമം നാട്ടുകാര്‍ ആദ്യം തന്നെ ആരംഭിച്ചിരുന്നെങ്കിലും ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തിയതിന് ശേഷമാണ് തീ പൂര്‍ണ്ണമായും അണയ്ക്കാന്‍ സാധിച്ചത്.




