
തിരൂരങ്ങാടി: പ്രശസ്ത കാഥികന്‍ തൃക്കുളം കൃഷ്ണന്‍കുട്ടിക്ക് നേരെ ആക്രമണം. ചെമ്മാട്ടെ തിരൂരങ്ങാടി നഗരസഭ ഓഫീസ് സമീപത്ത് വെച്ച് കൗണ്‍സിലര്‍ തടത്തില്‍ അലിമോനാണ് എണ്‍പത്തി രണ്ടുകാരനായ തൃക്കുളം കൃഷ്ണന്‍കുട്ടിയെ
ആക്രമിച്ചെതെന്നാണ് പരാതി. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
തിങ്കളാഴ്ച വൈകിട്ടോടെയാണ് ആക്രമം ഉണ്ടായത്. പൊതുജനങ്ങളടക്കം ഉപയോഗിക്കുന്ന നഗരസഭാ ഓഫീസിലെ ബാത്ത് റൂമില്‍ മൂത്രമൊഴിക്കാനായി കൃഷ്ണന്‍കുട്ടി കയറി. കയറുമ്പോള്‍ ഇല്ലാതിരുന്ന വലിയ ചെടി ചട്ടികള്‍ ബാത്ത് റൂമില്‍ നിന്നും ഇറങ്ങുന്ന പടികളില്‍ തടസ്സമായി കൊണ്ടു വെച്ചിരുന്നു. ഒരു വിധം താഴെ വീഴാതെ ഇറങ്ങിയ കൃഷ്ണന്‍കുട്ടി ഇത് ആരാണ് കൊണ്ടു വെച്ചത് എന്ന് ചോദിച്ചു. ഈ സമയം തൊട്ടടുത്ത് ഉണ്ടായിരുന്ന കോണ്‍ഗ്രസ് കൗണ്‍സിലറായ തടത്തില്‍ അലിമോന്‍ പാഞ്ഞടുത്ത് നീയാരാണെന്ന് ചോദിച്ച് അക്രമിക്കുകയായിരുന്നത്രെ.
ക്രൂരമായ അക്രമത്തില്‍ സാരമായി പരിക്കേറ്റ കൃഷ്ണന്‍കുട്ടിയെ വിവരമറിഞ്ഞെത്തിയ ആളുകള്‍ തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
കേരളത്തിലെ അറിയപ്പെടുന്ന രാഷ്ടീയ ഹാസ്യ കഥാപ്രസംഗികനാണ് കൃഷ്ണന്‍കുട്ടി. കാഥിക ശ്രേഷ്ഠ അവാര്‍ഡ്, സംഗീത നാടക അക്കാദമി പുരസ്‌കാരം എന്നിവയടക്കം നിരവധി അംഗീകാരം തേടിയെത്തിയ കലാകാരനാണ് ഇദ്ദേഹം. കൃഷ്ണന്‍കുട്ടിയെ അക്രമിച്ചതില്‍ പ്രതിഷേധിച്ച് സിപി ഐ എം തിരൂരങ്ങാടി ലോക്കല്‍ കമ്മിറ്റി ചെമ്മാട്ട് പ്രതിഷേധ പ്രകടനം നടത്തി.




