ദില്ലി: കൊവിഡ് 19 ന്റെ വ്യാപനം തടയാന്‍ രാജ്യവ്യാപകമായി പ്രഖ്യാപിച്ച അടച്ചുപൂട്ടല്‍ ഒറ്റയടിക്ക് പിന്‍വലിക്കില്ല. രോഗബാധ രൂക്ഷമായ മേഖലകളില്‍ പ്രാദേശിക നിയന്ത്രണം തുടരും. ലോക്ക് ഡൗണിന് ശേഷവും കേരളത്തില്‍ എട്ട് ജില്ലകളില്‍ നിയന്ത്രണം ശക്തമായി തന്നെ തുടര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകള്‍ക്കാണ് ലോക്ക് ഡൗണിന് ശേഷവും നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കും എന്നാണ് വിവരം.
ഈ എട്ടുജില്ലകളിലും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശ പ്രകാരം നിയന്ത്രണം തുടരുക. ഏപ്രില്‍ 14 നാണ് ലോക്ക് ഡൗണ്‍ അവസാനിക്കുന്നത്. ഇന്ത്യയിലാകെ 274 ജില്ലകളിലാണ് കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
കേന്ദ്ര മന്ത്രിസഭയുടെ സമ്പൂര്‍ണയോഗം ഇന്ന് ഉച്ചയ്ക്ക് ചേരുന്നുണ്ട്. ഡല്‍ഹി, മഹാരാഷ്ട്ര, തമിഴ്‌നാട് തുടങ്ങി രാജ്യത്തിന്റെ പലഭാഗത്തും രോഗം അതിവേഗത്തില്‍ പടരുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ടുതന്നെ തീരുമാനമെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അവസരം നല്‍കാനാണ് കേന്ദ്രം ആലോചിക്കുന്നത്. നാലാഴ്ച തുടര്‍ച്ചയായി പുതിയ രോഗം സ്ഥിരീകരിക്കാതിരുന്നാല്‍ മാത്രമേ നിയന്ത്രണം പൂര്‍ണമായി ഒഴിവാക്കാനാവൂ.




