മലപ്പുറം കൊറോണ വൈറസ്ബാധിത രാജ്യങ്ങളില്‍ നിന്നെത്തി പ്രത്യേക നിരീക്ഷണത്തിലായിരുന്ന 42 പേര്‍ക്കു രോഗബാധയില്ലെന്നു ആരോഗ്യ വകുപ്പു സ്ഥിരീകരിച്ചു. 44 പേരുടെ സാമ്പിളുകളാണ് രണ്ടു ഘട്ടങ്ങളിലായുള്ള വിദഗ്ധ പരിശോധനക്കയച്ചത്. ഇതില്‍ രണ്ടു പേരുടെ പരിശോധന ഫലം മാത്രമാണ് ലഭിക്കാനുള്ളത്. വൈറസ്ബാധയില്ലെന്നു സ്ഥിരീകരിച്ച 17 പേരെ ഇന്നലെ (ഫെബ്രുവരി 15) നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കി. രോഗബാധിത സ്ഥലങ്ങളില്‍ നിന്നെത്തിയവരടക്കം 444 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയത്. 191 പേരെയാണ് ആശുപത്രികളിലെയും വീടുകളിലെയും നിരീക്ഷണത്തില്‍ നിന്നൊഴിവാക്കിയത്.
മലപ്പുറത്ത് 253 പേരാണ് പ്രത്യേക നിരീക്ഷണത്തിലുള്ളത്. ഇതില്‍ ഒരാള്‍ മാത്രമാണ് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡിലുള്ളത്. 252 പേര്‍ വീടുകളില്‍ പ്രത്യേക നിരീക്ഷണത്തിലും കഴിയുന്നു. ആരോഗ്യ ജാഗ്രതയുടെ ഭാഗമായി ഇവര്‍ക്കെല്ലാം പ്രത്യേക കൗണ്‍സലിങ് ജില്ലാതല കണ്‍ട്രോള്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ തുടരുകയാണെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സകീന അറിയിച്ചു.
ചൈനയുള്‍പ്പെടെ വൈറസ് ബാധിത രാജ്യങ്ങളില്‍ നിന്നെത്തുന്നവരുടെ വിവരങ്ങള്‍ പ്രത്യേകം ശേഖരിച്ചു വരികയാണ്. രോഗ ലക്ഷണങ്ങളുള്ളവരെ കണ്ടെത്തി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തുന്നുണ്ട്. ഇന്നലെ (ഫെബ്രുവരി 15) ഒരാള്‍ക്കു മാത്രമാണ് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയത്.
വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ തുടരുന്ന ആരോഗ്യ ജാഗ്രത നടപടികള്‍ ജില്ലാതല കൊറോണ പ്രതിരോധ മുഖ്യ സമിതി വിലയിരുത്തി. രോഗബാധിത പ്രദേശങ്ങളില്‍ നിന്നെത്തിയവരും അവരുമായി നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തിയവരും ജില്ലാതല കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടണം. കണ്‍ട്രോള്‍ റൂം നമ്പര്‍: 0483 2737858, 0483 2737857. കോറോണ ലക്ഷണങ്ങള്‍ സംശയിക്കുന്ന സാഹചര്യത്തിലും കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം. 9383464212 എന്ന മൊബൈല്‍ നമ്പറില്‍ വാട്സാപ്പ് സൗകര്യവും ലഭ്യമാണ്. cmcdmomlpm@gmail.com എന്ന മെയില്‍ വഴിയും സംശയങ്ങള്‍ ദുരീകരിക്കാവുന്നതാണ്.




