Section

malabari-logo-mobile

“ലീഗ് ബ്രാഹ്മണര്‍” മുസ്ലീംലീഗിലെ കുടുംബ സ്വാധീനത്തെ രൂക്ഷമായി വിമര്‍ശിച്ച് വനിതാ ലീഗ് നേതാവ്

HIGHLIGHTS : മലപ്പുറം എംഎസ്എഫിന്റെ മലപ്പുറം ജില്ലാ പ്രസിഡന്റ് റിയാസ് പുല്‍പ്പറ്റയെ നീക്കം ചെയ്തതില്‍ മുസ്ലീംലീഗ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് വനിതാ ലീഗ് ന...

എംഎസ്എഫ് ജില്ലാ പ്രസിഡന്റിനെ നീക്കം ചെയ്തതില്‍ രൂക്ഷ വിമര്‍ശനം

മലപ്പുറം എംഎസ്എഫിന്റെ മലപ്പുറം ജില്ലാ പ്രസിഡന്റ് റിയാസ് പുല്‍പ്പറ്റയെ നീക്കം ചെയ്തതില്‍ മുസ്ലീംലീഗ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് വനിതാ ലീഗ് നേതാവും എംഎസ്എഫ് ഹരിത മുന്‍ സംസ്ഥാന പ്രസിഡന്റുമായ ഹഫ്‌സമോള്‍ രംഗത്ത്.
പാര്‍ട്ടിയിലെ ജനാധിപത്യം ചില മാടമ്പി തമ്പുരാക്കന്‍മാര്‍ കവര്‍ന്നെടുത്ത് തന്നിഷ്ടം നടപ്പിലാക്കകുയാണെന്നും സംഘടന ഫാസിസ്‌ററ് നിലപാടാണ് കൈക്കൊള്ളുന്നതെന്നും തുറന്നടിച്ചുകൊണ്ടാണ് രംഗത്തെത്തിയിരിക്കുന്നത്. റിയാസ് പുല്‍പറ്റയെ പുറത്താക്കാന്‍ മുസ്ലീംലീഗിന്റെ ഉന്നതാധികാരസമിതിയംഗവും മലപ്പുറം ജില്ല പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങള്‍ നടത്തിയ ഇടപെടലുകളെ എതിര്‍ത്തുമാണ് ഹഫ്‌സമോള്‍ രംഗത്തെത്തിയത്. തന്റെ ഫെയസ് ബുക്ക് വാളിലാണ് മുസ്ലീംലീഗിന്റെ ഒരു വിഭാഗം നേതാക്കളെ രൂക്ഷമായ വിമര്‍ശിച്ചിരിക്കുന്നത്. റിയാസിനെ അറിയിക്കാതെ എംഎസ്എഫിന്റെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത് കൊണ്ടുള്ള പത്രക്കുറിപ്പിനെ മോഡി സ്‌റ്റൈല്‍ എന്നാണ് കുറിപ്പില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
കുറിപ്പിലെ ലീഗ് ബ്രാഹ്മണര്‍ എന്ന പ്രയോഗം മുസ്ലീംലീഗിലെ കുടുംബവാഴ്ചയോടുള്ള വിമര്‍ശനായും വിലയിരുത്തപ്പെടുന്നു.

sameeksha-malabarinews

ഫെയ്‌സബുക്ക് വാളിലെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം

സത്യത്തില്‍ നമ്മുടെ പാര്‍ട്ടിയിലെ ജനാധിപത്യം ചില മാടമ്പി തമ്പുരാക്കന്മാര്‍ കവര്‍ന്നെടുക്കുകയും തന്നിഷ്ടം നടപ്പിലാക്കുകയും ചെയ്യുന്നത് അണ്ണാക്കില്‍ പിരിവെട്ടിയവനെ പോലെ നമ്മള്‍ നോക്കി നില്‍ക്കുകയാണ്. നേരം ഇരുട്ടിവെളുക്കുമ്പോഴേക്ക് താനിത് വരെ വഹിച്ചിരുന്ന സ്ഥാനത്ത് നിന്ന് തന്നെ മാറ്റി എന്ന് പത്രത്തിലൂടെ അറിയേണ്ടിവരുന്നത് എത്ര ദയനീയമാണ്. മുന്‍പ് ഹരിതയുടെ സംസ്ഥാന കമ്മിറ്റി ഇതുപോലെ പത്രവാര്‍ത്തയിലൂടെ അറിയേണ്ടിവന്നവരാണ് കഴിഞ്ഞ ഹരിത സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍. സംഘടനയ്ക്ക് കെട്ടുറപ്പുള്ള ഒരു ഭരണഘടനയും മഹിതമായ ഒരു പാരമ്പര്യവും ഉണ്ടായിരിക്കെ ഇത്തരത്തിലുള്ള ഫാസിസ്റ്റ് നിലപാട് അത്യന്തം പ്രതിഷേധാര്‍ഹമാണ്. സ്തുതി പാടുന്നവര്‍ക്കും ഓച്ഛാനിച്ചു നില്‍ക്കുന്നവര്‍ക്കും മാത്രമേ സംഘടനയില്‍ സ്ഥാനമുള്ളൂ എന്നുള്ള മോഡി സ്‌റ്റൈല്‍ പ്രഖ്യാപനം കൂടിയാണ് ഇന്നത്തെ പത്രക്കുറിപ്പ്.

msf ന്റെ ഒരു ജില്ലാ ഘടകത്തിലെ പ്രസിഡന്റിനെ മാറ്റാന്‍ സംസ്ഥാന msf കമ്മിറ്റിയ്ക്കാണ് ഭരണഘടനാപരമായി അധികാരം എന്നിരിക്കെ എന്തധികാരത്തിലാണ് മലപ്പുറം ജില്ലാ ലീഗ് കമ്മിറ്റി ഇങ്ങനെയൊരു നിലപാടെടുത്തത്.

സംഘടന തലത്തില്‍ സാമാന്യ മര്യാദയും ഭരണഘടനാപരമായ കീഴ്വഴക്കങ്ങളും കാറ്റില്‍ പറത്തി മലപ്പുറം ജില്ലയിലെ ചില ലീഗ് ബ്രാഹ്മണന്മാര്‍ പോഷക സംഘടനയില്‍ ചെലുത്തുന്ന ചാടിക്കളിക്കെടാ കുട്ടിരാമ രീതി നിര്‍ത്തിയെ തീരൂ.

ഭരണഘടനാ സംരക്ഷണത്തിനും ജനാധിപത്യ ധ്വംസനങ്ങള്‍ക്കെതിരെയുമുള്ള ഷഹീന്‍ ബാഗ് സ്‌ക്വായറുകള്‍ ആദ്യം നമ്മള്‍ തീര്‍ക്കേണ്ടത് ഇത്തരക്കാരുടെ വീട്ടുമുറ്റത്താണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!