മയാമി: സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് കോപ്പ അമേരിക്ക ഫുട്‌ബോളില്‍ അര്‍ജന്റീന – കൊളംബിയ ഫൈനല്‍ മത്സരം ഒന്നര മണിക്കൂറോളം വൈകി. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5:30നു തുടങ്ങേണ്ടിയിരുന്ന മത്സരം 6:55നാണ് ആരംഭിച്ചത്. ടിക്കറ്റില്ലാത്ത ആരാധകര്‍ സ്റ്റേഡിയത്തിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.
മത്സരം നടക്കുന്ന മയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തിലേക്ക് ടിക്കറ്റില്ലാതെ ആരാധകര്‍ തള്ളിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഇവരെ നിയന്ത്രിക്കാനാകാത്ത സ്ഥിതി വന്നതോടെ മത്സരം 30 മിനിറ്റ് വൈകുമെന്ന് സംഘാടകര്‍ ഔദ്യോഗികമായി അറിയിച്ചു. എന്നാല്‍ ഈ സമയത്തും മത്സരം തുടങ്ങാനായില്ല.
ടിക്കറ്റില്ലാതെ സ്റ്റേഡിയത്തിലേക്ക് എത്തിയ പലരും ഗേറ്റ് ചാടിക്കടന്ന് അകത്ത് പ്രവേശിക്കാന്‍ ശ്രമിച്ചെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആരാധകരെ നിയന്ത്രിക്കാനാകാതെ വന്നതോടെ സ്റ്റേഡിയത്തിലെ സുരക്ഷാ ജീവനക്കാര്‍ ഗേറ്റ് പൂര്‍ണമായും അടച്ചു. ഇതോടെ ടിക്കറ്റെടുത്ത ആരാധകര്‍ക്കും അകത്തേക്ക് പ്രവേശിക്കാന്‍ കഴിയാതെയായി.
സ്റ്റേഡിയത്തില്‍ സുരക്ഷാ പ്രശ്‌നമുണ്ടായതോടെ മൈതാനത്ത് വാംഅപ്പിനിറങ്ങിയ അര്‍ജന്റീനയുടെയും കൊളംബിയയുടെയും താരങ്ങള്‍ ഡ്രസ്സിങ് റൂമുകളിലേക്ക് മടങ്ങുകയും ചെയ്തു. അനിശ്ചിതത്വത്തിനൊടുവില്‍ 6:55നാണ് മത്സരം ആരംഭിച്ചത്.
ആരാധകര്‍ പോലീസ് ഉദ്യോഗസ്ഥരെയും സ്റ്റേഡിയം അറ്റന്‍ഡര്‍മാരെയും മറികടന്ന് ഓടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ആരാധകരെ നിയന്ത്രിക്കാന്‍ ഉദ്യോഗസ്ഥര്‍ പാടുപെടുന്നതും, മഞ്ഞ ജേഴ്‌സി ധരിച്ച ആരാധകര്‍ ഓടുന്നതുമാണ് വീഡിയോകളിലുള്ളത്. കോപ്പ അമേരിക്ക കലാശപ്പോരാട്ടത്തില്‍ നിലവിലെ ജേതാക്കളായ അര്‍ജന്റീന, 2001ലെ ചാംപ്യന്മാരായ കൊളംബിയയെ നേരിടുകയാണ്. മത്സരം ആദ്യ 30 മിനിറ്റ് പിന്നിടുമ്പോള്‍ ഇരുടീമുകള്‍ക്കും ഗോള്‍ നേടാനായിട്ടില്ല.
23 വര്‍ഷത്തിനുശേഷമാണ് കൊളംബിയ കോപ്പ അമേരിക്ക ഫൈനലില്‍ കളിക്കുന്നത്. അന്താരാഷ്ട്ര ഫുട്‌ബോളിലെ അവസാന മത്സരത്തിനാണ് അര്‍ജന്റീനയുടെ ഏഞ്ചല്‍ ഡി മരിയ ഇന്ന് ഇറങ്ങുന്നത്. കോപ്പയില്‍ 16 തവണ ജേതാക്കളാവുകയെന്ന റെക്കോര്‍ഡാണ് അര്‍ജന്റീന ലക്ഷ്യമിടുന്നത്. അതേസമയം സീനിയര്‍ താരം ഹാമിഷ് റോഡ്രിഗസിന്റെ മികവില്‍ ഇത്തവണ കോപ്പയില്‍ മികച്ച പ്രകടനമാണ് കൊളംബിയ കാഴ്ച വച്ചത്. തുടര്‍ച്ചയായി 28 മത്സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറുകയാണവര്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




