സോളാര്‍ കേസിലെ വിവാദ പരാമര്‍ശം; ഉമ്മന്‍ ചാണ്ടിക്ക് വിഎസ് 10 ലക്ഷം നല്‍കണം

തിരുവനന്തപുരം: സോളാര്‍ ഇടപാടില്‍ ഉമ്മന്‍ ചാണ്ടി അഴിമതി നടത്തിയെന്ന വിഎസ്സിന്റെ പരാമര്‍ശനത്തിനെതിരെയുള്ള ഹര്‍ജിയില്‍ ഉമ്മന്‍ ചാണ്ടിക്ക് അനുകൂല വിധി. വിഎസ് ഉമ്മന്‍ ചാണ്ടിക്ക് 10,10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതി ഉത്തരവിട്ടു.

2013 ഓഗസ്തില്‍ ഒരു സ്വകാര്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഒരു കമ്പനിയുണ്ടാക്കി തട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം.

പ്രതിപക്ഷ നേതാവിനെതിരെ 2014 ലാണ് ഉമ്മന്‍ ചാണ്ടി അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്. പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച വക്കീല്‍ നോട്ടീസില്‍ ഒരു കോടി രൂപയായിരുന്നു ആവശ്യപ്പെട്ടത്. കേസ് കോടതിയില്‍ ഫയല്‍ ചെയ്തപ്പോള്‍ 10,10,000 രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്.

നഷ്ടപരിഹാരത്തിന് പുറമെ ഇതുവരെയുള്ള ആറ് ശതമാനം പലിശയും വിഎസ് അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടിക്ക് നല്‍കണം. പക്ഷെ നിയമ പോരാട്ടം തുടരാനാണ് തീരുമാനമെന്ന് വിഎസിന്റെ അഭിഭാഷകന്‍ അറിയിച്ചു. കേസില്‍ സബ് കോടതി വിധിക്കെതിരെ ജില്ലാ കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

 

Share news
error: Content is protected !!
Scroll to Top