കൊല്ലം: അറബിക്കടലില്‍ മുങ്ങിയ ചരക്കുകപ്പലില്‍ നിന്നുള്ള കണ്ടെയ്‌നര്‍ തീരത്തടിഞ്ഞു. കൊല്ലം കരുനാഗപ്പള്ളി ചെറിയഴീക്കല്‍ തീരത്താണ് അടിഞ്ഞത്. ഒരു കണ്ടെയ്‌നര്‍ കടല്‍ ഭിത്തിയില്‍ ഇടിച്ചു നില്‍ക്കുന്ന നിലയില്‍ കണ്ടെത്തി. ജനവാസ മേഖലക്ക് അടുത്താണ് കണ്ടെയ്‌നര്‍ അടിഞ്ഞത്. സമീപത്തെ വീടുകളില്‍ ഉള്ളവരോട് ബന്ധു വീടുകളിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒഴിഞ്ഞ കണ്ടെയ്‌നറാണ് തീരത്ത് അടിഞ്ഞതെന്നാണ് നിഗമനം. ശക്തമായ തിരയടിക്കുന്നതിനാല്‍ കൂടുതല്‍ പരിശോധന നടത്താന്‍ കഴിഞ്ഞിട്ടില്ല.
കൊല്ലം കലക്ടര്‍ ദേവിദാസ് ഉള്‍പ്പെടെയുള്ളവര്‍ രാത്രി തന്നെ സ്ഥലത്തെത്തിയിരുന്നു. തീരത്തടിഞ്ഞത് ഒഴിഞ്ഞ കണ്ടെയ്‌നറെന്നാണ് പ്രാഥമിക നിഗമനം. കണ്ടെയ്‌നറിന്റെ ഒരു വശം തുറന്ന നിലയിലാണ് ഉണ്ടായിരുന്നത്. നാട്ടുകാരാണ് കണ്ടെയ്‌നര്‍ തീരത്തടിഞ്ഞ വിവരം അധികൃതരെ അറിയിച്ചത്.
മുങ്ങിയ കപ്പലില്‍ നിന്നുള്ള വസ്തുക്കള്‍ എന്ന് തോന്നുന്നവ തീരത്ത് അടിഞ്ഞത് കണ്ടാല്‍ ദയവായി തൊടരുത്, അടുത്ത് പോകരുത്, അപ്പോള്‍ തന്നെ 112 വില്‍ അറിയിക്കുക. ചുരുങ്ങിയത് 200 മീറ്റര്‍ എങ്കിലും മാറി നില്‍ക്കാന്‍ ശ്രദ്ധിക്കുക. കൂട്ടം കൂടി നില്‍ക്കരുത്. വസ്തുക്കള്‍ അധികൃതര്‍ മാറ്റുമ്പോള്‍ തടസം സൃഷ്ടിക്കരുത്. ദൂരെ മാറി നില്‍ക്കുവാന്‍ ശ്രദ്ധിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
വിഴിഞ്ഞത്ത് നിന്നും കൊച്ചിയിലേക്കു വന്ന എംഎസ്സി എല്‍സ 3 എന്ന ലൈബീരിയന്‍ കപ്പലാണ് തീരത്തു നിന്നു 38 നോട്ടിക്കല്‍ മൈല്‍ അകലെ ഇന്നലെ മുങ്ങിയത്. വിഴിഞ്ഞം തുറമുഖത്തു നിന്നും പുറപ്പെട്ട ഫീഡര്‍ ചരക്കുകപ്പല്‍ കൊച്ചി പുറംകടലില്‍ അപകടത്തില്‍പെടുകയായിരുന്നു. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കപ്പല്‍ ചരിയുകയും കണ്ടെയ്നറുകള്‍ കടലില്‍ വീഴുകയുമായിരുന്നുവെന്നാണ് നിലവിലെ വിലയിരുത്തല്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



