
പുതുവത്സര കാലയളവില്‍ വിപണിയില്‍ കുറഞ്ഞ വിലയില്‍ അവശ്യസാധനങ്ങള്‍ ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ നടപടിയുടെ ഭാഗമായി സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കണ്‍സ്യൂമര്‍ഫെഡ് നടത്തുന്ന ചന്തകള്‍ ജില്ലയില്‍ 22 ന് ആരംഭിക്കും. ജില്ലാതല ഉദ്ഘാടനം ഡിസംബര്‍ 22 ന് വൈകുന്നേരം നാലിന് കെ.ടി. ജലീല്‍ എം.എല്‍.എ നിര്‍വഹിക്കും. കണ്‍സ്യൂമര്‍ഫെഡ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ സോഫിയ മെഹര്‍ അധ്യക്ഷത വഹിക്കും.
ഡിസംബര്‍ 22 മുതല്‍ ജനുവരി ഒന്ന് വരെ ചന്തകള്‍ നടക്കും. ജില്ലാതല ചന്ത ത്രിവേണി മെഗാമാര്‍ട്ട് എടപ്പാളിലാണ് നടക്കുക. കൂടാതെ ജില്ലയിലെ കണ്‍സ്യൂമര്‍ഫെഡിന്റെ ചങ്ങരംകുളം, മാറഞ്ചേരി, വളാഞ്ചേരി, പുലാമന്തോള്‍, തിരൂര്‍, പരപ്പനങ്ങാടി, മലപ്പുറം, വണ്ടൂര്‍, പട്ടിക്കാട്, മഞ്ചേരി, എടക്കര എന്നിങ്ങനെ 11 ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിലും ക്രിസ്തുമസ്- പുതുവത്സര ചന്ത നടക്കും. 13 ഇന സബ്സിഡി സാധനങ്ങള്‍ക്ക് 40 ശതമാനം വരെയും മറ്റുള്ളവക്ക് 10 ശതമാനം മുതല്‍ 30 ശതമാനം വരെയും ഇളവ് ലഭിക്കും.
ജയ അരി കിലോ 33 രൂപ, മട്ട അരി- കിലോ 33 രൂപ, കുറുവ അരി കിലോ 33 രൂപ, പച്ചരി കിലോ- 29 രൂപ, പഞ്ചസാര-കിലോ 34.65 രൂപ,ചെറുപയര്‍ കിലോ- 85 രൂപ ,കടല കിലോ 65 രൂപ, ഉഴുന്ന് കിലോ- 90 രൂപ,വന്‍പയര്‍ കിലോ 70 രൂപ, തുവരപ്പരിപ്പ് കിലോ-88 രൂപ, മുളക്-115.50 രൂപ, മല്ലി-40.95 രൂപ, വെളിച്ചെണ്ണ(500 എം.എല്‍)-147 എന്നീ നിരക്കുകളിലാണ് വിപണനം ചെയ്യുക.
പ്രതിദിനം ത്രിവേണികളില്‍ 50 പേര്‍ക്കും, ജില്ലാ ചന്തയില്‍ 100 പേര്‍ക്കുമാണ് വിതരണം ചെയ്യുക. സബ്സിഡി സാധനങ്ങള്‍ റേഷന്‍ കാര്‍ഡ് വഴിയാണ് വിതരണം നടത്തുക. 13 ഇന സബ്സിഡി സാധനങ്ങള്‍ക്ക് പുറമെ പൊതുമാര്‍ക്കറ്റില്‍ നിന്നും വിലക്കുറവില്‍ നോണ്‍ സബ്സിഡി സാധനങ്ങളും, പ്രമുഖ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങളും, ക്രിസ്തുമസ് കേക്ക് എന്നിവയും ചന്തകളില്‍ വില്‍പ്പനക്കായി സജ്ജമാക്കിയിട്ടുണ്ട്.




