ഉപഭോക്തൃ സംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കും : മന്ത്രി ജി ആർ അനിൽ

HIGHLIGHTS : Consumer protection activities will be further strengthened: Minister GR Anil

malabarinews

ഉപഭോക്തൃ സംരക്ഷണ പ്രവർത്തനങ്ങൾക്കായുള്ള സർക്കാർ ഇടപെടലുകൾ കൂടുതൽ ശക്തമാക്കുമെന്നും ഓൺലൈൻ, ഡയറക്ട് മാർക്കറ്റിംഗ് തുടങ്ങിയ പുതിയ കച്ചവടരീതികളുടെ കാലഘട്ടത്തിൽ ഉപഭോക്തൃ സംരക്ഷണത്തിനും അവകാശത്തിനും വളരെ പ്രാധാന്യമുണ്ടെന്നും പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. അമിത ഉപഭോഗം നിയന്ത്രിച്ചും പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുത്തും ഭാവിതലമുറകളെ കണക്കിലെടുത്ത് ഉത്തരവാദിത്വ ബോധമുള്ള ഹരിത ഉപഭോക്തൃ സംസ്‌കാരം ശീലമാക്കണം. ലീഗൽ മെട്രോളജി വകുപ്പ് സംഘടിപ്പിച്ച ഉപഭോക്തൃ ദിനാചരണം ലീഗൽ മെട്രോളജി ഭവനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

sameeksha

ഉപഭോക്താക്കളെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനും ധാർമികമായ വ്യാപാര സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് മാർച്ച് 15 ന് ഉപഭോക്തൃദിനം ആചരിക്കുന്നത്.  ‘സുസ്ഥിര ജീവിത ശൈലിയിലേക്കുള്ള ഒരു നീതിയുക്തമായ പരിവർത്തനം’ എന്നതാണ് ഇക്കൊല്ലത്തെ ലോക ഉപഭോക്തൃ അവകാശദിന ആപ്തവാക്യം. ഉപഭോക്താക്കൾ എന്ന നിലയിൽ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിലും, സേവനങ്ങൾ സ്വീകരിക്കുന്നതിലും ശരിയായ അവബോധവും ഉത്തരവാദിത്വവും നമ്മൾ പുലർത്തണം.

ഉപഭോക്താക്കൾ നേരിടുന്ന ചൂഷണങ്ങൾക്ക് അടിസ്ഥാന കാരണം അവകാശങ്ങളെക്കുറിച്ചുള്ള അവബോധമില്ലായ്മയാണ്. ഉപഭോക്തൃ ബോധവത്ക്കരണം വിദ്യാർത്ഥികളിൽ നിന്നും ആരംഭിച്ച് സമൂഹത്തിന്റെ വിവിധ തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനാണ് വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിനായി സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും കൺസ്യൂമർ ക്ലബ്ബുകൾ രൂപീകരിച്ചു വരികയാണ്. 2025 അവസാനത്തോടെ ആയിരം കൺസ്യൂമർ ക്ലബ്ബുകൾ രൂപീകരിക്കുകയാണ് ലക്ഷ്യം.

ഓൺലൈൻ കേസ് ഫയലിംഗ് സംവിധാനമായ ഇ-ദാഖിൽ, എല്ലാ കമ്മീഷനുകളിലും സൗജന്യ നിയമ സഹായ കേന്ദ്രങ്ങൾ, ഉപഭോക്തൃ കമ്മീഷനിലെ കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി എല്ലാ ജില്ലകളിലും മീഡിയേഷൻ കേന്ദ്രങ്ങൾ, നവമാധ്യമങ്ങളിലൂടെ ഉപഭോക്തൃ കമ്മീഷനുകളുടെ ഉത്തരവുകളും പ്രവർത്തനങ്ങളും ജനങ്ങളിലെത്തിക്കുന്നതിനുള്ള മീഡിയ ലാബ് തുടങ്ങി ഉപഭോക്തൃ കമ്മീഷനുകൾ ജനസൗഹൃദമാക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും നിരവധി നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്.

2021 ലെ ഡയറക്ട് സെല്ലിംഗ് കേന്ദ്രചട്ടങ്ങളുടെ അടിസ്ഥാനത്തിൽ ഡയറക്ട് സെല്ലിംഗ് മേഖലയിലെ അനഭിലഷണീയ കച്ചവട പ്രവണതകൾ തടയുന്നതിനും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുമായി പ്രവർത്തന മാർഗരേഖയും ഉന്നതഉദ്യോഗസ്ഥർ ഉൾപ്പെടുന്ന മോണിറ്ററിങ് അതോറിറ്റിയും കേരളം നടപ്പിലാക്കിയിട്ടുണ്ട്. രാജ്യത്തിന് തന്നെ മാതൃകയായ തരത്തിലുള്ള ഈ ചുവടുവയ്പ് ഡയറക്ട് സെല്ലിംഗ് ബിസിനസിന്റെ നിയമ സാധുതയും പ്രൊഫഷണലിസവും മെച്ചപ്പെടുത്തും. സർക്കാർ സംവിധാനത്തിനു മാത്രമായി ഒരു മേഖലയിലേയും തട്ടിപ്പുകൾ പൂർണമായും തുടച്ചുനീക്കാനാകില്ലെന്നും ജാഗ്രതയോടെയുള്ള പെരുമാറ്റത്തിലൂടെ തട്ടിപ്പുകൾക്കെതിരെ പ്രതിരോധിക്കാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു.

വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഭക്ഷ്യ കമ്മീഷൻ ചെയർമാൻ ഡോ ജിനു സക്കറിയ ഉമ്മൻ, ലീഗൽ മെട്രോളജി കൺട്രോളർ വി കെ അബ്ദുൽ കാദർ, അഡീഷണൽ കൺട്രോളർ ആർ റീന ഗോപാൽ തുടങ്ങിയവർ സംസാരിച്ചു.

ലീഗൽ മെട്രോളജി വകുപ്പ് പ്രസിദ്ധീകരിച്ച ഉപഭോക്താക്കൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അടങ്ങിയ ഗൈഡ് മന്ത്രി പ്രകാശനം ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!