Section

malabari-logo-mobile

ഉപ്പട ആനക്കല്ലില്‍ നിര്‍മിക്കുന്ന വീടുകളുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ. രാധാകൃഷ്ണന്‍

HIGHLIGHTS : Construction of houses made of Uppada ivory will be completed soon: Minister K. Radhakrishnan

കവളപ്പാറ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കായി ഉപ്പട ആനക്കല്ലില്‍ നിര്‍മിക്കുന്ന വീടുകളുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് പട്ടികജാതി, പട്ടികവര്‍ഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍. നിലമ്പൂര്‍ മണ്ഡലത്തിലെ പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കായുള്ള വിവിധ പദ്ധതികള്‍ സംബന്ധിച്ച അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുസമൂഹത്തിന്റെ കൂടി പിന്തുണയുണ്ടെങ്കില്‍ പട്ടികവര്‍ഗ വിഭാഗത്തിന്റെ വികസനം സാധ്യമാകുമെന്നും പദ്ധതികള്‍ യഥാസമയം നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും  മന്ത്രി പറഞ്ഞു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കായുള്ള വീട് നിര്‍മാണം, ഭൂമി കൈമാറ്റം, കോളനികളിലേക്കുള്ള പാലം നിര്‍മാണം തുടങ്ങിയ പ്രശ്‌നങ്ങളില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷനിലെ 203 ഹെക്ടര്‍ വന ഭൂമി ആദിവാസികള്‍ക്ക് പതിച്ചു നല്‍കുന്ന പദ്ധതി ഉടന്‍ പൂര്‍ത്തീകരിക്കും.

പ്രളയത്തില്‍ വീട് വാസയോഗ്യമല്ലാതായ പോത്തുകല്ല് പഞ്ചായത്തിലെ ഇരുട്ടുകുത്തി, കുമ്പളപ്പാറ, വാണിയംപുഴ, തരിപ്പപ്പൊട്ടി, കരുളായി പഞ്ചായത്തിലെ മുണ്ടക്കടവ് കോളനിക്കാര്‍ക്ക് പകരം സൗകര്യമൊരുക്കും.
കോളനികളിലേക്കുള്ള ഇരുട്ടുകുത്തിപാലവും പുനര്‍നിര്‍മിക്കും. ചാലിയാര്‍ പഞ്ചായത്തിലെ വെറ്റിലക്കൊല്ലി നിവാസികളുടെ  പുനരധിവാസത്തിനായി പാലക്കയത്ത് കണ്ടെത്തിയ ഭൂമിയില്‍ വനം വകുപ്പിന്റെ തടസം ഒഴിവാക്കി വീട് വെക്കാന്‍ അനുമതി നല്‍കി. മൂത്തേടം പഞ്ചായത്തിലെ ഉച്ചക്കുളത്ത് നടപ്പാക്കുന്ന ഒന്നര കോടിയുടെ പദ്ധതി ഈ സാമ്പത്തിക വര്‍ഷം തന്നെ പൂര്‍ത്തീകരിക്കും. അമരമ്പലം പഞ്ചായത്തിലെ അമരമ്പലം സൗത്ത് ഇല്ലിക്കോട്ട കോളനിയിയിലെയും വഴിക്കടവ് പുഞ്ചക്കൊല്ലി കോളനിയിലേയും പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തീകരിക്കും.
പദ്ധതികള്‍ നടപ്പാക്കാന്‍ വിവിധ വകുപ്പുകളും ത്രിതല പഞ്ചായത്ത് അധികൃതരും ജാഗ്രത പാലിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
നിലമ്പൂര്‍ നഗരസഭാ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പി.വി അന്‍വര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  എം.കെ. റഫീഖ, നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി, നിലമ്പൂര്‍ നഗരസഭാധ്യക്ഷന്‍ മാട്ടുമ്മല്‍ സലീം, ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ റോയി, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ ഇല്ലിക്കല്‍ ഹുസൈന്‍, ഒ.ടി. ജയിംസ്,  വത്സമ്മ സെബാസ്റ്റ്യന്‍, വിദ്യാരാജന്‍, തങ്കമ്മ നെടുമ്പാടി, പട്ടിക വര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ അനുപമ, സബ് കലക്ടര്‍  ശ്രീധന്യാ സുരേഷ്, നിലമ്പൂര്‍ വനം നോര്‍ത്ത് ഡി.എഫ്.ഒ. മാര്‍ട്ടിന്‍ ലോവല്‍, സൗത്ത് ഡി.എഫ്.ഒ.,  ഐ.റ്റി.ഡി.പി. പ്രൊജക്ട് ഓഫീസര്‍ പി. ശ്രീകുമാരന്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ.പി. ഷാജി, നിലമ്പൂര്‍ തഹസില്‍ദാര്‍ കെ. രഘുനാഥ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!