ദില്ലി : ലോക്‌സഭയില്‍ കോണ്‍ഗ്രസ്സിനെ ഒറ്റപ്പെടുത്തി ഫെഡറല്‍ സഖ്യം രൂപീകരിക്കാനായി പ്രതിപക്ഷത്തെ 3 പ്രബല പാര്‍ട്ടികള്‍ ശ്രമം തുടങ്ങി. ഇടതു പക്ഷത്തെ പങ്കെടുപ്പിക്കാതെയാണ് ഇക്കാര്യത്തില്‍ അണ്ണ ഡിഎംകെയും തൃണമൂല്‍ കോണ്‍ഗ്രസ്സും ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്നത്.
ലോക്‌സഭയില്‍ 44 സീറ്റുകളുള്ള കോണ്‍ഗ്രസ്സ് പ്രധാന പ്രതിപക്ഷത്തിന്റെ പങ്ക്‌വഹിക്കാനുള്ള സാധ്യത ഇല്ലാതാക്കാനാണ് പ്രതിപക്ഷത്തെ മറ്റു പാര്‍ട്ടികളുടെ ശ്രമം. പ്രതിപക്ഷത്ത് ഒരു ഫെഡറല്‍ സഖ്യം രൂപീകരിച്ച് പ്രവര്‍ത്തിക്കാനുള്ള ആലോചനക്ക് മുന്‍കൈ എടുക്കുന്നതും തൃണമൂല്‍ കോണ്‍ഗ്രസ്സാണ് അണ്ണാ ഡിഎംകെ ക്ക് 37 സീറ്റും, തൃണമൂല്‍ കോണ്‍ഗ്രസ്സിന് 34 സീറ്റുമാണുള്ളത്.
തെലുങ്കാന രാഷ്ട്രസമിതി, വൈഎസ്ആര്‍ കോണ്‍ഗ്രസ്സ് നാഗാലന്റ് പീപ്പിള്‍സ് പാര്‍ട്ടി, ഹരിയാനയിലെ ഐഎന്‍എല്‍ഡി എന്നിവയെ കൂടി കൊണ്ടു വന്ന് നൂറിലധികം എംപിമാരുള്ള ബ്ലോക്കായി ഈ സംഖ്യത്തെ മാറ്റാനാണ് ശ്രമം.




