കോണ്‍ഗ്രസ്സ് ഓഫീസിലെ കൊലപാതകം; പ്രചോദനമായത് ദൃശ്യം സിനിമയെന്ന്

nilambur murderനിലമ്പൂര്‍ : നിലമ്പൂരിലെ കോണ്‍ഗ്രസ്സ് ബ്ലോക്ക് ഓഫീസിലെ ജീവനക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ കൊലപാതകം ആസൂത്രണം ചെയ്തതിന് അടുത്ത കാലത്ത് പുറത്തിറങ്ങിയ ദൃശ്യം എന്ന സിനിമ പ്രചോദനമായെന്ന് പ്രതികള്‍. ഓഫീസിലെ തൂപ്പുകാരിയായ ചിറക്കല്‍ രാധയെ കൊലപ്പെടുത്തിയ ശേഷം ചാക്കില്‍ കെട്ടി കല്ല് കെട്ടി കുളത്തില്‍ താഴ്ത്തി ഒളിപ്പിച്ചതിന് പ്രചോദനമായത് ഈ സിനിമയിലെ രംഗങ്ങളാണെന്ന് പ്രതികളായ ബിജു നായരും ഷംസുദ്ദീനും മൊഴി നല്‍കിയിരിക്കുന്നത്.

ജിത്തു ജോസഫ് സംവിധാനം ചെയ്ത സുപ്പര്‍ഹിറ്റായി ഓടികൊണ്ടിരിക്കുന്ന ദൃശ്യത്തില്‍ നായകന്‍ ഒരു കൊലപാതകം നടത്തി ഒരിക്കലും കണ്ടുപിടിക്കാത്ത രീതിയില്‍ മൃതദേഹം ഒളിപ്പിക്കുന്ന രംഗമുണ്ട്. ഈ സിനിമയെ ഭൂരിഭാഗം മലയാളികളും പുകഴ്ത്തിയപ്പോള്‍ സിനിമ തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് ജയില്‍ ഡിജിപി സെന്‍കുമാര്‍ വിമര്‍ശിച്ചിരുന്നു. സ്ത്രീകള്‍ ബ്ലാക്‌മെയില്‍ ചെയ്യപ്പെട്ടാല്‍ പോലീസിലറിയിക്കണമെന്നും കുറ്റകൃത്യം മൂടിവെക്കുകയല്ല ചെയ്യേണ്ടതെന്നും ഉള്ള വിമര്‍ശനങ്ങള്‍ ചിത്രത്തെ കുറിച്ച് പൊതുവേദിയില്‍ വെച്ച് ഡിജിപി വിമര്‍ശിച്ചിരുന്നു.

നിലമ്പൂരിലാകട്ടെ സിനിമയെ വെല്ലുന്ന രീതിയിലാണ് കൊലപാതകം നടത്തി മൃതദേഹം ഒളിപ്പിച്ച് വെച്ചത്. പ്രതിയെ മാനഭംഗപ്പെടുത്തിയ ശേഷം ശ്വാസംമുട്ടിച്ച് കൊലചെയ്ത് ഒരു ചാക്കില്‍ കെട്ടി സംഭവസ്ഥലത്തു നിന്നും പത്ത് കിലോമീറ്റര്‍ അകലെയുള്ള കോണ്‍ഗ്രസ്സ് കര്‍ഷക നേതാവിന്റെ ഉടമസ്ഥതയിലുള്ള പറമ്പിലെ കുളത്തില്‍ കല്ല് കെട്ടി താഴ്ത്തുകയായിരുന്നു. രാധയുടെ മൊബൈല്‍ ഫോണിന്റെ സിം 40 കിലോമീറ്റര്‍ അകലെയുള്ള അങ്ങാടിപ്പുറത്താണ് ഉപേക്ഷിച്ചത്.

എന്നാല്‍ പ്രതികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് മൃതദേഹം കുളത്തിന് മുകളിലേക്ക് ഉയര്‍ന്നതോടെയാണ് സംഭവം പുറത്താകുന്നത്.

ദൃശ്യം എന്ന സിനിമയാണ് കൊലപാതകത്തിന് പ്രേരണമായത് എന്ന വാര്‍ത്ത പുറത്തു വന്നതോടെ സിനിമാരംഗത്തു നിന്നും എതിര്‍ വാദവുമായി അമ്മ രംഗത്തെത്തി. സിനിമയിലെ രംഗം കൊലപാതകത്തിന് പ്രേരണയായെന്ന് വിശ്വസിക്കുന്നവരും പറഞ്ഞുനടക്കുന്നവരും ബുദ്ധിയില്ലാത്തവരാണെന്ന് അമ്മാ പ്രസിഡണ്ടും നടനുമായ ഇന്നസെന്റ് അഭിപ്രായപ്പെട്ടു.

 

 

Share news
error: Content is protected !!
Scroll to Top