കേരളത്തില്‍ കോംഗോ പനി; രോഗം വിദേശത്തുനിന്നെത്തിയ മലപ്പുറം സ്വദേശിക്ക്

തൃശൂര്‍: സംസ്ഥാനത്ത് അപൂര്‍വരോഗമായ കോംഗോ പനി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തു നിന്ന് മലപ്പുറത്തെത്തിയ ആളിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് വിവരം. തൃശൂരിലെ സ്വകാര്യാശുപത്രിയിലാണ് ഇയാള്‍ ചികിത്സ തേടിയിരിക്കുന്നത്. വിശദമായ പരിശോധനയ്ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വിദേശത്ത് ജോലി ചെയ്തിരുന്ന ഇയാള്‍ അവിടെ വെച്ച് രോഗത്തിന് ചികിത്സ തേടിയിരുന്നു. പിന്നീട് നാട്ടിലെത്തിയപ്പോഴും രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് ചികിത്സ തേടിയതെന്നാണ് റിപ്പോര്‍ട്ട്.

മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്കും ഈ മൃഗങ്ങളുടെ ശരീരത്തിലുള്ള ചെള്ളുകള്‍ വഴി മനുഷ്യരിലേക്കും പകരുന്ന രോഗമാണ് കോംഗോ പനി. നെയ്‌റോ വൈറസുകള്‍ വഴിയാണ് രോഗം ഉണ്ടാകുന്നത്. രോഗം ബാധിച്ച ആളുടെ രക്തം, ശരീരസ്രവങ്ങള്‍ എന്നിവ വഴി മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും രോഗം പകരാം.

പനി, മസിലുകള്‍ക്ക് കടുത്ത വേദന, നടുവേദന, തലവേദന, തൊണ്ടവേദന, വയറുവേദന, കണ്ണുകള്‍ക്കുണ്ടാകുന്ന അസ്വസ്ഥത തുടങ്ങിയവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍ .

Related Articles