Section

malabari-logo-mobile

സംസ്ഥാനത്തെ 27 ആശുപത്രികളുടെ സമഗ്ര വികസനത്തിന് 2.10 കോടി രൂപ അനുവദിച്ചു: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

HIGHLIGHTS : Rs 2.10 crore sanctioned for comprehensive development of 27 hospitals in the state: Health Minister Veena George

തിരുവനന്തപുരം: സംസ്ഥാനത്തെ 27 ആശുപത്രികളുടെ സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് 2.10 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തിയാണ് ആശുപത്രികളുടെ സമഗ്ര വികസനം സാക്ഷാത്ക്കരിക്കുന്നത്. ആധുനിക രീതിയില്‍ ആശുപത്രി നിര്‍മ്മിച്ച് രോഗീ സൗഹൃദമാക്കുന്ന തരത്തിലാണ് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നത്. എല്ലാ സ്പെഷ്യാലിറ്റികളും ഒരുക്കുന്നതിനാവശ്യമായ സൗകര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്.

താലൂക്ക്, ജില്ലാ ആശുപത്രികളെ സമ്പൂര്‍ണ സ്പെഷ്യാലിറ്റി ആശുപത്രിയാക്കി മാറ്റുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മാസ്റ്റര്‍പ്ലാന്‍ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്ന മുറയ്ക്ക് കിഫ്ബിയിലൂടെ ഫണ്ട് ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.

sameeksha-malabarinews

ആധുനിക ലേബര്‍ റൂം, കുട്ടികളുടെ വാര്‍ഡ്, ജനറല്‍ വാര്‍ഡ്, സര്‍ജിക്കല്‍ വാര്‍ഡ്, സൗകര്യപ്രദമായ രോഗീ സൗഹൃദ ഒ.പി., കാത്തിരുപ്പ് കേന്ദ്രം, മോഡേണ്‍ ഡ്രഗ് സ്റ്റോര്‍, ഫാര്‍മസി, ലബോറട്ടറി, എക്സ്റേ, സിടി തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. കെട്ടിടം, ഫര്‍ണിച്ചര്‍, ഉപകരണങ്ങള്‍ തുടങ്ങിയവയുള്‍പ്പെടെയാണ് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നത്.

തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രം, കൊല്ലം കടയ്ക്കല്‍ താലൂക്ക് ആശുപത്രി, ശാസ്താംകോട്ട താലൂക്ക് ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, അടൂര്‍ ജനറല്‍ ആശുപത്രി, ആലപ്പുഴ കായംകുളം താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി, ഹരിപ്പാട് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി, കോട്ടയം ചങ്ങനാശേരി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി, ഇടുക്കി കട്ടപ്പന താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി, പീരുമേട് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി, എറണാകുളം മൂവാറ്റുപുഴ ജനറല്‍ ആശുപത്രി, കോതമംഗലം താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി, തൃശൂര്‍ വടക്കാഞ്ചേരി ജില്ലാ ആശുപത്രി, ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി, മലപ്പുറം തിരൂരങ്ങാടി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി, അരീക്കോട് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി, വണ്ടൂര്‍ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി, കോഴിക്കോട് നാദാപുരം താലൂക്ക് ആശുപത്രി, ഫറൂഖ് താലൂക്ക് ആശുപത്രി, കുറ്റ്യാടി താലൂക്ക് ആശുപത്രി, വയനാട് വൈത്തിരി താലൂക്ക് ആശുപത്രി, കല്‍പ്പറ്റ ജനറല്‍ ആശുപത്രി, സുല്‍ത്താന്‍ബത്തേരി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി, കണ്ണൂര്‍ മങ്ങാട്ടുപറമ്പ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, തളിപ്പറമ്പ് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി, കാസര്‍ഗോഡ് കാഞ്ഞങ്ങാട് ജനറല്‍ ആശുപത്രി എന്നീ ആശുപത്രികള്‍ക്കാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ അനുമതി നല്‍കിയത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!